News Flash
X
റഷ്യൻ കോവിഡ് വാക്സിൻ സ്പുട്‌നിക് 5 ജനങ്ങൾക്കിടയിൽ വിതരണം ആരംഭിച്ചു

റഷ്യൻ കോവിഡ് വാക്സിൻ സ്പുട്‌നിക് 5 ജനങ്ങൾക്കിടയിൽ വിതരണം ആരംഭിച്ചു

personmtp rafeek access_timeTuesday September 8, 2020
HIGHLIGHTS
ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ മുഴുവനാളുകൾക്കും വാക്‌സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മോസ്‌കോ മേയർ സെർജി സോബ്യാനിൻ പറഞ്ഞു.

മോസ്‌കോ: ആരോഗ്യ വകുപ്പിന്റെ അന്തിമാനുമതി ലഭിച്ചതോടെ റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക്-5ന്റെ ആദ്യ ബാച്ച് ജനങ്ങൾക്കിടയിൽ വിതരണം തുടങ്ങി. റഷ്യയിലെ ഗമേലിയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡമോളജി ആൻഡ് മൈക്രബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സംയുക്തമായാണ് വാക്‌സിൻ വികസിപ്പിച്ചത്. അധികം താമസിയാതെ തലസ്ഥാനത്തെ ജനങ്ങൾക്കെല്ലാം വാക്സിൻ നൽകാൻ കഴിയുമെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആഗോളതലത്തിൽ കോവിഡിനെതിരേയുള്ള ആദ്യവാക്‌സിൻ രജിസ്റ്റർ ചെയ്തത് റഷ്യയാണ്. ആഗസ്റ്റ് 11ന് രജിസ്റ്റർ ചെയ്ത സ്പുട്നിക്-5 അന്നു തന്നെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ മകൾക്കും എടുത്തിരുന്നു. എന്നാൽ, ഇത്ര പെട്ടെന്ന് വികസിപ്പിച്ച മരുന്ന് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കി ആഗോള ആരോഗ്യ വിദഗ്ധർ രംഗത്തെത്തിയിരുന്നു.

അതേസമയം, സ്പുട്‌നിക് 5 സുരക്ഷതമാണെന്ന ലാൻസെറ്റിന്റെ പ്രഥമിക നിരീക്ഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നേരത്തെ പരീക്ഷണാർഥം രണ്ട് ഘട്ടങ്ങളിലായി 118 പേർക്ക് വാക്സിൻ നൽകിയിരുന്നു. ഇവരിലെല്ലാം കോവിഡിനെ ചെറുക്കുന്ന ആന്റിബോഡികൾ രൂപപ്പെട്ടു. ആരും ഗുരുതരമായ പാർശ്വഫലങ്ങൾ പ്രകടിപ്പിച്ചിരുന്നുമില്ല.

ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ മുഴുവനാളുകൾക്കും വാക്‌സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മോസ്‌കോ മേയർ സെർജി സോബ്യാനിൻ പറഞ്ഞു.

SHARE :
folder_openTags
content_copyCategory