സ്‌ഫോടനത്തിന് പിന്നാലെ യമന്‍ തലസ്ഥാനത്ത് സൗദി വ്യോമാക്രമണം

sanaa international airport

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂത്തികളെ ലക്ഷ്യമിട്ട് സൗദി-യുഎഇ സഖ്യസേനയുടെ വ്യോമാക്രമണം. ദക്ഷിണ നഗരമായ ഏദനില്‍ നടന്ന സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം. സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹൂത്തി കേന്ദ്രങ്ങളായ റിമ ഹാമിദ്, വാദി റജം എന്നിവിടങ്ങളിലുമായിരുന്നു രാത്രിയില്‍ ബോംബിട്ടത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസിറ ടിവിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ആളപായമുണ്ടായതായി റിപോര്‍ട്ടില്ല. എട്ട് തവണ ആക്രമണം നടന്നതായി സന്‍ആയില്‍ നിന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

നേരത്തേ, സൗദിയുടെ പിന്തുണയോടെ രൂപീകരിച്ച പുതിയ മന്ത്രിസഭാംഗങ്ങള്‍ വന്നിറങ്ങിയ ഉടനെയാണ് ഏദനിലെ വിമാനത്താവളത്തില്‍ സ്‌ഫോടനം നടന്നത്. ആക്രമണത്തെ യുഎന്‍ മേധാവി അന്റോണിയോ ഗുത്തെറസ് അപലപിച്ചു. മണിക്കൂറുകള്‍ക്കകം ഏദനിലെ മആശിഖ് പ്രസിഡന്റ് കൊട്ടാരത്തിലും സ്‌ഫോടനം നടന്നു. യമന്‍ പ്രധാനമന്ത്രി മാഈന്‍ അബ്ദുല്‍ മലിക് ഉള്‍പ്പെടെയുള്ള മന്ത്രിസഭാ അംഗങ്ങളെയും യമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് സയിദ് അല്‍ ജാബറിനെയും സുരക്ഷിതത്വം ലക്ഷ്യമിട്ട് ഇവിടേക്കാണ് മാറ്റിയിരുന്നത്.

Saudi Arabia launches air raids in Sanaa after deadly Aden blasts