തൂണിസ്: ആഫ്രിക്കന്‍ രാജ്യമായ തൂണീസ്യയില് നൂറുകണക്കിന് ചെറുപ്പക്കാര്‍ അക്രമാസക്തരായി തെരുവിലിറങ്ങി. കല്ലുകളും പെട്രോള്‍ ബോംബുകളുമായി അക്രമം നടത്തിയ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ സൈന്യം ജല പീരങ്കികളും കണ്ണീര് വാതകവും പ്രയോഗിച്ചു. രാജ്യത്ത് ജനാധിപത്യം കൊണ്ടു വന്ന അറബ് വസന്തത്തിന്റെ പത്താം വാര്‍ഷിക വേളയിലാണ് പ്രതിഷേധം ആരംഭിച്ചത്. സ്വേഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറിയെങ്കിലും അതിന്റെ ഗുണ ഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. രൂക്ഷമായ തൊഴിലില്ലായ്മയും സര്‍ക്കാര്‍ സര്‍വീസുകളുടെ മോശം പ്രകടനവുമൊക്കെ യുവാക്കളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതേ സമയം, കൃത്യമായ ലക്ഷ്യമില്ലാത്തതും രാഷ്ട്രീയ നേതൃത്വമോ പ്രധാന പാര്‍ട്ടികളുടെ പിന്തുണയോ ഇല്ലാത്തതും കാരണം പ്രതിഷേധം അധികം നീളുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 2011ന് ശേഷം പല തവണ ഈ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നു വന്നെങ്കിലും അധികം താമസിയാതെ കെട്ടടങ്ങുകയായിരുന്നു. ഞായറാഴ്ച്ച മാത്രം 632 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ അക്രമവും കൊള്ളയും സ്വത്തു നശിപ്പിക്കലുമാണ് നടക്കുന്നതെന്ന് അധികൃതര്‍ ആരോപിച്ചു. പിടിയിലായവരില്‍ ഭൂരിഭാഗവും 15നും 20നും ഇടയില്‍ പ്രായമുള്ളവരാണ്.