
ഖത്തറിലേക്ക് മടങ്ങാന്‍ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശ മന്ത്രാലയത്തിനു മുന്നില്‍ ആയിരങ്ങളുടെ പ്രതിഷേധം
ദോഹ: ഖത്തറിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികള്‍ രാജ്യത്തെ വിദേശകാര്യമന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ഖത്തറിലുള്ള ജോലി അവസരം നഷ്ടപ്പെടുമെന്ന് ഭയക്കുന്ന തൊഴിലാളികളും കുടുംബങ്ങളുമാണ് പ്രതിഷേധവുമായി എത്തിയത്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഖത്തറിലേക്ക് മടങ്ങാനുള്ള അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്നാണ് ആവശ്യം.
ഖത്തറിലേക്കുള്ള എക്സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് കിട്ടാന്‍ വൈകുന്നതു കാരണം 12,000ഓളം ബംഗ്ലാദേശി തൊഴിലാളികളാണ് പ്രയാസത്തിലായിരിക്കുന്നത്. പലരുടെയും അപേക്ഷകള്‍ തള്ളുകയും ചെയ്തിട്ടുണ്ട്.
”ഞാന്‍ 10 മാസം മുമ്പ് ബംഗ്ലാദേശിലേക്കു വന്നതാണ്. ഫെബ്രുവരിക്കകം ഖത്തറിലേക്കു മടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടു. റീ എന്‍ട്രി വിസക്കു വേണ്ടി എല്ലാ രേഖകളും രണ്ടുതവണ വിദേശ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അവര്‍ വിസ നല്‍കുന്നില്ല”- പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന അബ്ദുല്‍ കരീം എന്നയാള്‍ ബിഡിന്യൂസ്24നോട് പറഞ്ഞു. ഖത്തറിലെ ബംഗ്ലാദേശ് എംബസിയുടെ അലംഭാവമാണ് തങ്ങളുടെ മടക്കം വൈകാന്‍ കാരണമെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.
ബംഗ്ലാദേശിലെ വിസാ സെന്റര്‍ തുറക്കുന്നതായി ഖത്തര്‍ ബുധനാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച്ചയാണ് പ്രതിഷേധം നടന്നത്. ഖത്തറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ വിസാ സെന്ററില്‍ സ്വീകരിച്ചുതുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.