
പബ്ജി ഗെയിമില്‍ വിഗ്രഹാരാധന; കുവൈത്തിലും സൗദിയിലും പ്രതിഷേധം
ദോഹ: ജനപ്രിയ മൊബൈല്‍ ഗെയിമായ പബ്ജിയുടെ ഏറ്റവും പുതിയ പതിപ്പിലെ വിഗ്രഹാരാധന മുസ്ലിം ലോകത്ത് പ്രതിഷേധമുയര്‍ത്തുന്നു. ഗെയിം കളിക്കുന്നവര്‍ വിഗ്രഹാരാധന നടത്തുന്നതായി കാണിക്കുന്ന പുതിയ ഗെയിമിലെ രംഗങ്ങള്‍ക്കെതിരേ കുവൈത്തിലെയും സൗദിയിലെയും പണ്ഡിതന്മാര് രംഗത്തെത്തി. വിഗ്രഹാരാധന പ്രോല്‍സാഹിപ്പിക്കുന്ന ഇത്തരം ആശയങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പണ്ഡിതന്മാര് ആവശ്യപ്പെട്ടു.
സൗത്ത് കൊറിയന്‍ കമ്പനിയായ ബ്ലൂഹോള്‍ പുറത്തിറക്കുന്ന പബ്ജി ഓണ്‍ലൈന്‍ ഗെയിമാണ്. കളിക്കാരെ ഒരു ദ്വീപില്‍ കൊണ്ടിറക്കുകയും അവര്‍ പരസ്പരം നശിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ഗെയിമിന്റെ തീം.
പബ്ജിയുടെ ഏറ്റവും പുതിയ മിസ്റ്റീരിയസ് ജംഗിള്‍ എന്ന മോഡിലാണ് വിവാദമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജംഗിള്‍ ഫുഡ്, ഹോട്ട് എയര്‍ ബലൂണുകള്‍ തുടങ്ങി നിരവധി പുതി ഫീച്ചറുകള്‍ക്കൊപ്പമാണ് വിഗ്രഹാരാധനയെ പ്രോല്‍സാഹിപ്പിക്കുന്ന ഭാഗവുമുള്ളത്. ടോട്ടംസ് എന്ന പേരിലുള്ള വിഗ്രഹങ്ങളാണ് വിവാദ വസ്തു. വലിയ ശക്തിയുള്ള ഈ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ കളിക്കാര്‍ പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ക്ക് ആരോഗ്യം തിരിച്ചു കിട്ടുന്നതും എന്‍ര്‍ജി ഡ്രിങ്ക്, ഹെല്‍ത്ത് കിറ്റ് തുടങ്ങിയവയൊക്കെ ലഭിക്കുന്നതുമാണ് ഗെയിമില്‍ ഉള്ളത്.
വീഡിയോ ഗെയിമുകളില്‍ നന്മകളും തിന്മകളും ഉണ്ടെങ്കിലും വിഗ്രഹങ്ങള്‍ക്കു മുന്നില്‍ നമിക്കരുതെന്ന ഇസ്ലാമിക വിശ്വാസത്തെ പബ്ജി ലംഘിച്ചിരിക്കുകയാണെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി ശരീഅ കോളജ് പ്രൊഫസര്‍ ഡോ. ബസ്സാം അല്‍ ശാത്തി പറഞ്ഞു. ബഹുദൈവാരാധന എന്നത് ഇസ്ലാമില്‍ ഏറ്റവും വലിയ പാപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമില്‍ നിരോധിക്കപ്പെട്ട വിഗ്രഹാരാധനയാണ് ഏറ്റവും പുതിയ പബ്ജി ഗെയിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ഇസ്ലാമിക് യൂനിവേഴ്സിറ്റി ദഅ്വ കോളജിലെ പ്രൊഫസര്‍ ഡോ. ആരിഫ് ബിന്‍ മസ്യദ് അല്‍ ശുഹൈമി പറഞ്ഞു.
പബ്ജി ഗെയിം കളിക്കുന്ന മുസ്ലിംകള് തന്നെ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗെയിമില്‍ ടോട്ടം വിഗ്രഹത്തെ കത്തിച്ചാണ് ചിലര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.
‘Idol worship’ in video game sparks fury in Kuwait and Saudi Arabia