ബിസിനസിനായി വാട്സാപ്പ് ഉപയോഗിക്കുന്ന കമ്പനികളില്‍ നിന്നും പ്രത്യേക നിരക്ക് ഈടാക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. ലഭ്യമായ ഉല്പന്നങ്ങള് തെരെഞ്ഞെടുക്കുന്നതിനും വാട്സാപ്പ് ചാറ്റില്‍ നിന്നു തന്നെ വില്ക്കല്, വാങ്ങല്‍ പ്രക്രിയ സാധ്യമാകുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിപുലീകരിച്ചതിനാലാണ് ഫേസ്ബുക്കിന്റെ തീരുമാനം. ഏകദേശം 50 ദശലക്ഷം ബിസിനസുകളും 175 ദശലക്ഷത്തോളം ആളുകളും വാട്സ്ആപ് ബിസിനസ് അക്കൗണ്ടുകളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ഈയൊരു സാഹചര്യം പുതിയൊരു ബിസിനസ് സാധ്യതയായി കണക്കാക്കിയാണ് വിലനിര്‍ണ്ണയ ശ്രേണി ചേര്‍ക്കാന്‍ ഫേസ്ബുക്ക് തയ്യാറാകുന്നത്. നിലവിലുള്ള സൗജന്യ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ടെക്സ്റ്റ്, വീഡിയോ , വോയ്സ് കോളിംഗ് എന്നിവ പുതിയ നീക്കത്തോടൊപ്പം വിപുലപ്പെടുത്തുന്നുമുണ്ട്.
‘ബിസിനസുകളുടെ വാണിജ്യ-ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് പുതിയ പ്രത്യേകതകള്‍ എളുപ്പത്തില്‍ സംയോജിപ്പിക്കാനും , വിപണി സ്തംഭിച്ചു നില്ക്കുന്ന നിലവിലെ അവസ്ഥയില്‍ ചെറുകിട ബിസിനസ്സുകള്‍ക്ക് ഏറെ ആശ്വാസമാകാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം ചില സേവനങ്ങള്‍ക്ക് ബിസിനസ് ഉപഭോക്താക്കളില്‍ നിന്നും പ്രത്യേക നിരക്ക് ഈടാക്കാനും ലക്ഷ്യമുണ്ടെന്ന് വാട്സാപ്പ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.
വാട്സാപ്പിലെ പുതിയ സൗകര്യമായ ഷോപ്പിംഗ് ബട്ടണിന്റെ ആഗോളതലത്തിലുള്ള അവതരണം കഴിഞ്ഞ വ്യാഴാഴ്ച നടന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ പോലെ വാട്സാപ്പ് അക്കൗണ്ടിനുള്ളില് തന്നെ ഒരു ഷോപ്പിംഗ് കാര്‍ട്ടിനുള്ളില്‍ ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് വിപണനം സാധ്യമാക്കുന്ന സൗകര്യവും സമീപഭാവിയില്‍ കൊണ്ട് വരും. ബിസിനസ് സൊലൂഷന് ദാതാക്കളുമായി പാര്‍ട്ണര്‍ഷിപ്പ് വിപുലീകരിക്കാനും വാട്സാപ്പ് പദ്ധതിയുണ്ട്. ഫേസ്ബുക്കിന്റെ പദ്ധതിയിലുള്‍പ്പെടുന്ന നിരവധി ഹോസ്റ്റിംഗ് സര്‍വീസുകള്‍ വഴി വാട്സാപ്പ് മെസേജുകള്‍ മാനേജ് ചെയ്യാന്‍ പുതിയൊരു ഓപ്ഷനും ബിസിനസുകള്‍ക്കുണ്ട്.
ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഉല്പന്നങ്ങള് വില്‍ക്കുന്നതിനും സാധനങ്ങള്‍ കാലികമായി നിലനിര്‍ത്തുന്നതിനും , അവരുടെ ജീവനക്കാര്‍ എവിടെയായാലും സന്ദേശങ്ങളോട് ഞൊടിയിടയില്‍ പ്രതികരിക്കുന്നതിനും ഇതു സഹായിക്കും. ബിസിനസില്‍ ആശയവിനിമയം ഏറ്റവും എളുപ്പത്തില്‍ സാധ്യമാക്കുന്ന മാര്‍ഗ്ഗം മെസേജുകള്‍ ആണെന്നാണ് ആഗോളതലത്തില്‍ 80% ആളുകളും അഭിപ്രായപ്പെടുന്നത്.