
പ്രവാസികള്‍ക്കിടയില്‍ പ്രിയമേറി ടൂടോക്ക്; സുരക്ഷയെക്കുറിച്ച് സംശയങ്ങളേറെ
♦ദിവ്യ
മെസഞ്ചറും വാട്സാപ്പും വാഴുന്ന വീഡിയോ കോളിംഗില്‍ സ്ഥാനമുറപ്പിക്കുകയാണ് ടൂടോക്ക്(totok). പ്രവാസികള്‍ക്കിടയിലാണ് ടൂടോക്കിന് പ്രചാരമേറെ. ബ്രീജ് ഹോള്‍ഡിംഗ് എന്ന് നിര്‍മ്മാണ കമ്പനിക്കു കീഴില്‍ ജിയാകോമോ സിയാനി ഡവലപ്പ് ചെയ്തിരിക്കുന്ന ഈ മെസേജിംഗ് ആപ് അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇക്കണോമിക് ഫ്രീ സോണിലാണ് അവതരിപ്പിച്ചത്. യുഎഇ ഗവണ്മെന്റിന്റെ അനുമതി ലഭിക്കുന്ന ആദ്യത്തെ വോയ്സ് ഓവര്‍ ഐപി ആപ്ലിക്കേഷനാണിത്.
ഭൂരിഭാഗം സൗജന്യ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുള്ള യുഎഇ, പക്ഷേ ടുടോക്കിനു അനുമതി നല്‍കിയത് ഒട്ടേറെ ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചു. 2019 ഡിസംബറില്‍ സബ്സ്ക്രിപ്ഷന് അധിഷ്ഠിത മെസേജിങ്് ആപ്ലിക്കേഷനായ ബോട്ടിം(botim) തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സൗജന്യ വീഡിയോ കോളിംഗ്, ചാറ്റിംഗ് എന്നിവയ്ക്ക് ടൂടോക്ക് ഡൗണ്‍ലോഡ് ചെയ്യാം എന്ന് അറിയിപ്പ് നല്‍കിയിരുന്നു.
അന്താരാഷ്ട്ര വീഡിയോ കോളിംഗ് സാധ്യമാക്കുന്ന ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. ടൂടോക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍, ആപ്ലിക്കേഷന്റെ വിശ്വാസ്യത ചോദ്യചിഹ്നമായി നിലനില്ക്കുന്നു. Install apps from other sources എന്ന് എനേബിള്‍ ചെയ്താല്‍ മാത്രമേ ഡൗണ്‍ലോഡ് സാധ്യമാവുകയുള്ളൂ. വാട്സാപ്പ്, മെസഞ്ചര്‍ തുടങ്ങി ഇന്ന് പ്രചാരത്തിലുള്ള ഒട്ടുമിക്ക വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളും കാഴ്ചവയ്ക്കുന്ന സൗകര്യങ്ങള്‍ ടൂടോക്കും ഉറപ്പ് നല്കുന്നു. ഇരുപതോളം വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് കോള്‍ സൗകര്യവും ഇതിലുണ്ട്.
ഉപയോക്താവിന്റെ ഫോണിലുള്ള വിവരങ്ങള്‍ പരിശോധിക്കാനും ശേഖരിക്കാനുമുള്ള
സ്പൈ ടൂളാണിതെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് , ടുടോക്ക് ആപ്ലിക്കേഷന്റെ വിശ്വാസ്യതയെ സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചു. ഇതേ തുടര്‍ന്ന് 2019 ഡിസംബറില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടൂടോക്ക് ആപ്ലിക്കേഷന്‍ എടുത്തു കളഞ്ഞിരുന്നു. പിന്നീട് 2020 ജനുവരിയില്‍ വീണ്ടും ടൂടോക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഫെബ്രുവരിയില്‍ അപ്രത്യക്ഷമായി. സൗദി അറേബ്യ, യുകെ, ഇന്ത്യ, സ്വീഡന് എന്നീ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന 50 സൗജന്യ ആപ്ലിക്കേഷനുകളിലൊന്നായി ഇടം നേടാന്‍ ടൂടോക്കിനു സാധിച്ചു കഴിഞ്ഞു.