ഇനി ‘ആറാം പാതിര’; പുതിയ ചിത്രം പ്രഖ്യാപിച്ച് മിഥുന്‍

കൊച്ചി : ഏറെ പ്രേക്ഷകശ്രദ്ധവും കളക്ഷനും നേടിയ ത്രില്ലര്‍ ചിത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ‘അഞ്ചാം പാതിര’. അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടി അഞ്ചാം പാതിര 2020ലെ മലയാളസിനിമയിലെ ആദ്യ ബ്ലോക്ബസ്റ്ററായി മാറുകയും ചെയ്തു. ചിത്രം ഇറങ്ങി ഒരു വര്‍ഷമാകുമ്പോള്‍ അഞ്ചാം പാതിരയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. ‘ആറാം പാതിര’ എന്ന പേരിലിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മിഥുന്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

മുഴുനീള ക്രൈം ത്രില്ലറായ അഞ്ചാം പാതിര പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍, ഉണ്ണിമായാ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ദിവ്യാ ഗോപിനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ തന്നെയാണ് രണ്ടാംഭാഗവും നിര്‍മിക്കുന്നത്. ചിത്രത്തിന് ഷൈജു ഖാലിദാണ് ഛായാഗ്രഹണം നടത്തുന്നത്. സുഷിന്‍ ശ്യാമം സംഗീതവും ഷൈജു ശ്രീധരന്റെ എഡിറ്റിങും നിര്‍വഹിക്കും.