
മെല്‍ബണില്‍ ഇന്ത്യന്‍ മറുപടി; ഓസ്ട്രേലിയയ്ക്കെതിരെ എട്ട് വിക്കറ്റ് ജയം
മെല്‍ബണ്‍: അഡ്ലെയ്ഡിലെ ടെസ്റ്റ് തോല്‍വിക്കു മെല്‍ബണില്‍ മറുപടി കൊടുത്ത് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ഇതോടെ 4 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്കൊപ്പമെത്തി (1-1). രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 70 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് ഇന്ത്യ മറികടന്നത്.
മായങ്ക് അഗര്‍വാള്‍ (അഞ്ച്), ചേതേശ്വര്‍ പൂജാര (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണു നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും (40 പന്തില്‍ 27), ശുഭ്മാന്‍ ഗില്ലും (36 പന്തില്‍ 35) മുന്നില്‍നിന്ന് നയിച്ചതോടെ നാലാം ദിവസം തന്നെ ജയം ഇന്ത്യ സ്വന്തമാക്കി. ക്യാപ്റ്റന്‍ രഹാനെയാണ് കളിയിലെ താരം. ആദ്യ ഇന്നിങ്സില്‍ രഹാനെ സെഞ്ചുറി തികച്ചിരുന്നു. ആറിന് 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി ആരംഭിച്ച ഓസീസിന് 67 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ മാത്രമാണു സാധിച്ചത്.
മാത്യു വെയ്ഡിനെ പുറത്താക്കിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം
200 റണ്‍സിന് അവര്‍ പുറത്തായി. വെറും 69 റണ്‍സിന്റെ ലീഡ് മാത്രം. 146 പന്തില്‍ 45 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ വിജയ റണ്‍സ് കുറിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 195 റണ്‍സിന് പുറത്തായിരുന്നു. മറുപടിയായി ഇന്ത്യ 326 റണ്‍സ് നേടുകയും ചെയ്തു.