News Flash
X
ലൊംബാര്‍ഡിയിലെ ക്യൂബന്‍ ഡോക്ടര്‍മാര്‍ കേരളത്തിനും മാതൃക

ലൊംബാര്‍ഡിയിലെ ക്യൂബന്‍ ഡോക്ടര്‍മാര്‍ കേരളത്തിനും മാതൃക

personGulf Malayaly access_timeTuesday March 24, 2020
HIGHLIGHTS
സുധീരമായ തീരുമാനവുമായി ഇറ്റലിയിലെ മനുഷ്യ വംശത്തെ രക്ഷിക്കാനായി പറന്നിറങ്ങിയ ക്യൂബന്‍ മെഡിക്കല്‍ സംഘത്തെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിവാദ്യം ചെയ്യട്ടെ.

ഷക്കീബ് കൊളക്കാടന്‍

സുധീരമായ തീരുമാനവുമായി ഇറ്റലിയിലെ മനുഷ്യ വംശത്തെ രക്ഷിക്കാനായി പറന്നിറങ്ങിയ ക്യൂബന്‍ മെഡിക്കല്‍ സംഘത്തെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിവാദ്യം ചെയ്യട്ടെ. പഴയ സുഹൃത് രാജ്യമായ സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോ നടത്തിയ വിപ്ലവാത്മകമായ പരിശ്രമത്തിലൂടെയാണ് ക്യൂബയില്‍ ലോകോത്തരമായ ഡോക്ടര്‍മാരും മെഡിക്കല്‍ സിസ്റ്റവും പിറവിയെടുക്കുന്നത്.

ലോക കമ്യൂണിസ്റ്റ് ചേരിയുടെ പതനത്തോടെയും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന യു എസ് ഉപരോധത്തിന്റെ ഫലവുമായി ക്യൂബയിലുമുണ്ടായ സാമ്പത്തിക മാന്ദ്യം ഈ രംഗത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇന്നും ലോക പ്രശസ്തരാണ്.

സമ്പന്നരാഷ്ട്രമായ ഇറ്റലി ഒരു കാലത്തും അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റ് ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമാണ് ക്യൂബ. ഇറ്റലിയുടെ അപേക്ഷ സ്വീകരിച്ചു കൊണ്ട് കോവിഡ് 19 വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ള ഇറ്റലിയിലെ ലൊംബാര്‍ഡി പ്രവിശ്യയിലേക്ക് എല്ലാ അപകടവും മുന്നില്‍ കണ്ടു കൊണ്ട് തന്നെ തങ്ങളുടെ 52 അംഗ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ക്യൂബ തയ്യാറായി. തങ്ങളുടെ രാജ്യവും കൊറോണ വൈറസിന്റെ പിടിയിലേക്ക് പതുക്കെ നടന്നടുക്കുന്ന സാഹചര്യത്തിലാണ് ഈ ധീരമായ തീരുമാനമുണ്ടായത്. ക്യൂബയില്‍ ഇരുപത്തഞ്ചിലേറെ വൈറസ് ബാധ സ്ഥിരീകരിക്കുകയും രാജ്യത്തെ പ്രധാന വരുമാനമാര്‍ഗ്ഗമായ ടൂറിസം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തത് ഈ ആഴ്ചയിലാണ്.

ഇതിനു മുന്‍പും ക്യൂബന്‍ വൈദ്യ സഹായം ലോകത്തെ അനേകം രാജ്യങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഏറെയും ദരിദ്ര രാഷ്ട്രങ്ങളായിരുന്നു. ഹെയ്ത്തിയില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും പടിഞ്ഞാറന്‍ ആഫ്രിക്കയെ 2010 ഇല്‍ ഗ്രസിച്ച എബോളയെ തുരത്താനും പകര്‍ച്ചവ്യാധി ഭീഷണി വകവെക്കാതെയാണ് ക്യൂബന്‍ സംഘം പോയത്.

നമ്മുടെ ചിന്താശക്തിക്ക് പിടിതരാതെ ആധുനിക വൈദ്യ ശാസ്ത്രത്തിന് വെല്ലുവിളി ഉയര്‍ത്തികൊണ്ട് നോവല്‍ കൊറോണ വൈറസ് രോഗം (Covid 19) ലോകമാകെ ദ്രുതഗതിയില്‍ പടര്‍ന്നു പിടിക്കയാണ്. പണക്കാരനോ പാവപ്പെട്ടവനോ ഏഷ്യയെന്നോ യുറോപ്പെന്നോ ഭേദമില്ലാതെ ജാതിമത ഭേദമില്ലാതെ ഈ രോഗം മനുഷ്യരില്‍ പടര്‍ന്നു കയറുന്നു. പ്രതിരോധത്തിന്റെ ഉള്‍വലിയലുകളാണ് എവിടെയും. പരാജയം സമ്മതിച്ച മനുഷ്യരുടെ നിസ്സഹായ മുഖമാണെവിടെയും.

കേരളത്തിലെ ജനത ഭൂരിഭാഗവും ഇനിയും ചില യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ല. കമ്യൂണിസ്റ്റെന്നും കോണ്‍ഗ്രെസ്സെന്നും ബിജെപി എന്നും പറഞ്ഞു നാം പരസ്പരം പോരടിച്ചു നില്‍ക്കുമ്പോഴും രോഗബാധിതരുടെ ഗ്രാഫ് കുത്തനെ മേലോട്ട് കുതിക്കുകയാണ്. കേരളത്തിലെ സര്‍ക്കാറിനോടൊപ്പം മുഴുവന്‍ ജനങ്ങളും അണിചേരേണ്ട സമയമാണിത്.

പ്രളയം പോലെയല്ല ഈ ദുരന്തം. കൈവിട്ടു പോയാല്‍ പിന്നെ വിലപിച്ചിട്ട് കാര്യമില്ല. എല്ലാവരും ഒന്നിച്ചു നിന്നാല്‍ എല്ലാ പോരായ്മകളും നമുക്ക് മാറ്റിയെടുക്കാം. വരും ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ നിര്‍ണായകമാണ് കേരളത്തില്‍. സാമൂഹിക അകലം പാലിക്കുന്നതില്‍ ഒട്ടും അമാന്തം കാണിക്കരുത്. വ്യക്തിഗത ശുചിത്വവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

കൊറോണ വൈറസിനെ ഒറ്റപ്പെടുത്തി നശിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ഇല്ലെങ്കില്‍ അവന്‍ നമ്മെ മുച്ചൂടും നശിപ്പിക്കും. അതിനിട കൊടുക്കരുത്. ക്യൂബന്‍ മെഡിക്കല്‍ സംഘം നമുക്ക് മുന്‍പില്‍ വലിയ മാതൃകയാണ്. രാഷ്ട്രീയമായ ഒരു വിരോധവും ഇറ്റലിയിലെ ജനങ്ങളെ സഹായിക്കുന്നതില്‍ അവര്‍ക്കൊരു തടസ്സമായില്ല. സ്വന്തം ജീവന്‍ പണയം വെച്ച് കൊണ്ടാണ് അവര്‍ ലൊംബാര്‍ഡിയിലെ പോരാട്ടത്തിന്റെ മുന്നണിയിലേക്ക് വന്നത്.

ഇതായിരിക്കട്ടെ കൊച്ചു കേരളത്തിലും നമുക്ക് മാതൃക. അന്തിമ വിജയം നമ്മുടെ ഐക്യത്തിനായിരിക്കണം.

SHARE :
folder_openTags
content_copyCategory