ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; നടരാജന്‍, ഷാ, സെയ്‌നി ഇല്ല

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ചരിത്രവിജയത്തിന്റെ ആരവമടങ്ങും മുന്‍പേ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് സിലക്ടര്‍മാര്‍. വിരാട് കോലിയുെട നേതൃത്വത്തിലുള്ള പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവര്‍ക്കു പുറമെ സ്റ്റാന്റ് ബൈകളായി നാലു പേരെയും നെറ്റ് ബോളര്‍മാരായി വേറെ അഞ്ച് പേരെയും ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ടി. നടരാജന്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ ഇത്തവണ ടീമിലില്ല. ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയതോടെയാണിത്. അതേസമയം, സ്പിന്നര്‍ അക്‌സര്‍ പട്ടേലിന് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി ലഭിച്ചു. ക്രിക്കറ്റ് വെബ്‌സൈറ്റായ ‘ക്രിക്ഇന്‍ഫോ’യാണ് ടീം പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ വിരാട് കോലി നായക സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ, ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ നയിച്ച അജിന്‍ക്യ രഹാനെ ഉപനായക സ്ഥാനത്തേക്ക് മാറും. നിലവില്‍ തമിഴ്‌നാടിനു കളിക്കുന്ന മലയാളി താരം സന്ദീപ് വാരിയരെ നെറ്റ് ബോളറായി ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ആന്ധ്രപ്രദേശ് താരം കെ.എസ്. ഭരതിന്റെ സ്റ്റാന്റ് ബൈ കീപ്പറായി തിരഞ്ഞെടുത്തതും ശ്രദ്ധേയം.

ഓസീസ് പര്യടനത്തിനിടെ ടീമിനൊപ്പം ചേര്‍ന്ന രോഹിത് ശര്‍മ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരും ഓപ്പണര്‍മാരായി ടീമില്‍ ഇടംപിടിച്ചപ്പോള്‍, പൃഥ്വി ഷാ പുറത്തായി. മധ്യനിരയില്‍ കാര്യമായ അഴിച്ചുപണികളില്ല. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ഏറ്റവും ശ്രദ്ധേയം. ഓസീസ് പര്യടനത്തിനിടെ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ കെ.എല്‍. രാഹുലും ടീമിലുണ്ട്. പേസ് ബോളിങ് വിഭാഗത്തില്‍ ജസ്പ്രീത് ബുമ്രയാണ് പ്രധാന മുഖം. ഇഷാന്ത് ശര്‍മയുടെ തിരിച്ചുവരവും ശ്രദ്ധേയം. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ പരുക്കേറ്റ് പുറത്താണ്. മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടി.നടരാജന്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ പുറത്തായി.

രവിചന്ദ്രന്‍ അശ്വിന്‍ നയിക്കുന്ന സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപ് യാദവും വാഷിങ്ടന്‍ സുന്ദറുമുണ്ട്. അക്‌സര്‍ പട്ടേലാണ് പുതുമുഖം. അതേസമയം, പരുക്കുള്ള രവീന്ദ്ര ജഡേജയ്ക്ക് ഇടം ലഭിച്ചില്ല.

ഇന്ത്യന്‍ ടീം:

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍മാര്‍), ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ (ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന് അനുസരിച്ച്), ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍, ആര്‍.അശ്വിന്‍, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍

സ്റ്റാന്റ് ബൈസ്: കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), അഭിമന്യു ഈശ്വരന്‍, ഷഹബാസ് നദീം, രാഹുല്‍ ചാഹര്‍

നെറ്റ് ബോളര്‍മാര്‍: അങ്കിത് രാജ്പുത്ത്, ആവേശ് ഖാന്‍, സന്ദീപ് വാരിയര്‍, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാര്‍

ബിസിസിഐ സിലക്ഷന്‍ കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. ചീഫ് സിലക്ടര്‍ സുനില്‍ ജോഷി, ചേതന്‍ ശര്‍മ, അബി കുരുവിള, ദേബാശിഷ് മൊഹന്തി, ഹര്‍വീന്ദര്‍ സിങ് തുടങ്ങിയവരും ക്യാപ്റ്റന്‍ വിരാട് കോലിയും യോഗത്തില്‍ സംബന്ധിച്ചു