സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഗംഭീര സമനില. അഞ്ചാം ദിനം ഇന്ത്യയെ പുറത്താക്കി വിജയം ആഘോഷിക്കാന്‍ ഇറങ്ങിയ ഓസീസ് നിരയ്ക്കു മുന്നില്‍ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ഹനുമ വിഹാരി, ആര്. അശ്വിന് എന്നിവരിലൂടെ ഇന്ത്യ ഗംഭീര ചെറുത്ത് നടത്തി..
അഞ്ചാം ദിനം ഒരു ഓവര്‍ ബാക്കിയുള്ളപ്പോള്‍ ഇന്ത്യ അഞ്ചിന് 334 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം അവസാനിപ്പിക്കാന്‍ ഇരു ടീമും തീരുമാനിച്ചത്.
ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയില്‍ സമനില പാലിക്കുകയാണ്. പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്.
സ്കോര്‍: ഓസ്ട്രേലിയ – 338/10 & 312/6 ഡിക്ലയേര്‍ഡ്, ഇന്ത്യ – 244/10 & 334/5
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ക്യാപ്റ്റന്‍ രഹാനെയെ (4) നഷ്ടമായതാണ്. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര – ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഇന്ത്യന്‍ സ്കോര്‍ 250-ല്‍ നില്‍ക്കെ പന്തിനെ മടക്കി നഥാന്‍ ലിയോണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 118 പന്തില്‍ നിന്ന് മൂന്നു സിക്സും 12 ഫോറുമടക്കം 97 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. നാലാം വിക്കറ്റില്‍ പൂജാര – പന്ത് സഖ്യം 148 റണ്‍സ് ചേര്‍ത്തു.
ഇരുവരും ഒന്നിച്ചുള്ളപ്പോള്‍ ഇന്ത്യ വിജയത്തിലെത്തുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ പന്ത് പുറത്തായതിനു പിന്നാലെ 205 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളോടെ 77 റണ്‍സെടുത്ത പൂജാരയെ ഹെയ്സല്‍വുഡ് പുറത്താക്കിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി.
എന്നാല്‍ 89-ാം ഓവറില്‍ ക്രീസില്‍ ഒന്നിച്ച ഹനുമ വിഹാരി – അശ്വിന് സഖ്യം ഓസീസ് ബൗളിങ് ആക്രമണത്തെ ശ്രദ്ധയോടെ നേരിട്ടതോടെ ഇന്ത്യ വിജയത്തോളം പോന്ന സമനില സ്വന്തമാക്കുകയായിരുന്നു.
161 പന്തുകള്‍ നേരിട്ട വിഹാരി 23 റണ്‍സോടെയും 128 പന്തുകള്‍ നേരിട്ട അശ്വിന് 39 റണ്‍സോടെയും പുറത്താകാതെ നിന്നു. 43-ഓളം ഓവറുകളാണ് വിഹാരിയും അശ്വിനും ചേര്‍ന്ന് പ്രതിരോധിച്ചത്. കടുത്ത പേശീവലിവ് അലട്ടിയ വിഹാരി ബാറ്റിങ് തുടരുകയായിരുന്നു.