Tuesday, March 9, 2021
Home Featured Stories ഐ എസ് എല്‍: കരുത്തരായ നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ തളച്ച് എഫ്.സി ഗോവ

ഐ എസ് എല്‍: കരുത്തരായ നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ തളച്ച് എഫ്.സി ഗോവ

 

മാര്‍ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി എഫ്.സി ഗോവ. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സില്ല സ്‌കോര്‍ ചെയ്തപ്പോള്‍ ഗോവയ്ക്കായി ഇഗോര്‍ അംഗുളോ വല കുലുക്കി.

നോര്‍ത്ത് ഈസ്റ്റിന്റെ നായകന്‍ ലാലെങ്മാവിയയാണ് കളിയിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന നേട്ടം താരം ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരുന്നു

കളിയുടെ തുടകത്തില്‍ തന്നെ മികച്ച പ്രകടനമാണ് ഗോവ പുറത്തെടുത്തത്. നല്ല പാസിങ് ഗെയിം കളിച്ച ഗോവ നിരന്തരം നോര്‍ത്ത് ഈസ്റ്റ് പോസ്റ്റിലേക്ക് ഇരച്ചുകയറി. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് മികച്ച പ്രതിരോധം കാഴ്ചവെച്ചു.

പിന്നീട് പതിയെ നോര്‍ത്ത് ഈസ്റ്റും മത്സരത്തിലേക്ക് തിരിച്ചെത്തി.

കളിയുടെ 38-ാം മിനിട്ടില്‍ ഗോണ്‍സാല്‍വസിന്റെ ഫൗളില്‍ നിന്നും നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. നോര്‍ത്ത് ഈസ്റ്റിനായി കിക്കെടുത്ത ഇദ്രിസ സില്ല ആദ്യ ഷോട്ട് ഉതിര്‍ത്തപ്പോള്‍ റഫറി ഫൗള്‍ വിളിച്ചു. രണ്ടാം കിക്ക് അതിമനോഹരമായി പോസ്റ്റിലെത്തിച്ച് സില്ല ഹൈലാന്‍ഡേഴ്സിന് ആദ്യ ലീഡ് സമ്മാനിച്ചു.

എന്നാല്‍ ആ ആഹ്ലാദം അധികനേരം നീണ്ടുനിന്നില്ല. ഗോള്‍ വഴങ്ങിയ ശേഷം ഉണര്‍ന്നുകളിച്ച ഗോവ മൂന്നുമിനിറ്റുകള്‍ക്കുള്ളില്‍ സമനില ഗോള്‍ കണ്ടെത്തി. ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്നും ഇഗോര്‍ അംഗുളോ അതിവിദഗ്ധമായി പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് മത്സരിച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു. എന്നാല്‍ പിന്നീട് ആദ്യ പകുതിയില്‍ ആക്രമിച്ച് കളിച്ച ഗോവ പ്രതിരോധത്തിലേക്ക് നീങ്ങി. ആദ്യ പകുതിയില്‍ സ്‌കോര്‍ ചെയ്ത അംഗുളോ ഹെഡ്ഡറിലൂടെ വീണ്ടും ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും അത് പോസ്റ്റിനുമുകളിലൂടെ പറന്നു.

78-ാം മിനിട്ടില്‍ ഇരുടീമിലെയും പരിശീലകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത് കളിയുടെ ആവേശത്തെ ബാധിച്ചു. 80-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മഷാഡോ കിടിലന്‍ ലോങ് റേഞ്ചര്‍ എടുത്തെങ്കിലും ഗോളി അത് തട്ടിയകറ്റി. 83-ാം മിനിട്ടില്‍ നോഗുവെരയുടെ ഒരു കിടിലന്‍ ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്റെ പോസ്റ്റില്‍ തട്ടിത്തെറിച്ചു.

Most Popular