ഐ എസ് എല്‍: നോര്‍ത്ത് ഈസ്റ്റിനോട് സമനില വഴങ്ങി ഒഡിഷ

Bengaluru: Players in action during Indian Super League 2019-20 match between Bengaluru FC and NorthEast United FC at the Sree Kanteerava Stadium in Bengaluru on Oct 21, 2019. (Photo: IANS)

ബാംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം തേടി കളിക്കാനിറങ്ങിയ ഒഡിഷയ്ക്ക് ഇന്നും നിരാശ. കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ടീം സമനില വഴങ്ങി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഒഡിഷയ്ക്കായി ഡീഗോ മൗറീഷ്യോയും കോള്‍ അലക്സാണ്ടറും സ്‌കോര്‍ ചെയ്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി ബെഞ്ചമിന്‍ ലാമ്പോട്ടും കെസി അപ്പിയയും ഗോള്‍ നേടി.

ഈ സമനിലയോടെ ഒഡിഷ 10-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇരുടീമുകളും മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി നോര്‍ത്ത് ഈസ്റ്റും ഒഡിഷയും കളം നിറഞ്ഞുതന്നെ കളിച്ചു. ഒഡിഷയുടെ കോള്‍ അലക്സാണ്ടര്‍ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

മത്സരം ആരംഭിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റാണ് ആക്രമിച്ച് കളിച്ചുതുടങ്ങിയത്. ചില അവസരങ്ങളും ടീം നേടിയെടുത്തു. മത്സരത്തിലെ ആദ്യ അവസരം പിറക്കുന്നത് പത്താം മിനിട്ടിലാണ്. ഒഡിഷയുടെ ബോക്സില്‍ വെച്ച് നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം ബ്രിട്ടോയ്ക്ക് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹം പന്ത് പുറത്തേക്കടിച്ചു. പിന്നാലെ അപ്പിയയ്ക്കും അവസരം ലഭിച്ചെങ്കിലും ഒഡിഷ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് അത് കാലുകൊണ്ട് തട്ടിയകറ്റി.

16-ാം മിനിട്ടില്‍ ഒഡിഷയ്ക്ക് ബോക്സിനുള്ളില്‍ മികച്ച അവസരം ലഭിച്ചു. പന്ത് മൗറീഷ്യോ പോസ്റ്റിലേക്ക് പൊക്കിവിട്ടെങ്കിലും ഗോള്‍ലൈനില്‍ വെച്ച് നോര്‍ത്ത് ഈസ്റ്റിന്റെ ഫോക്സ് അത് ഹെഡ് ചെയ്ത് പുറത്തേക്ക് തട്ടിയൊഴിവാക്കി. പിന്നീട് നിരന്തരം ആക്രമിച്ച് കളിച്ച ഒഡിഷയുടെ പരിശ്രമങ്ങള്‍ക്ക് 23-ാം മിനിട്ടില്‍ ഫലം വന്നു.

ഒരു തകര്‍പ്പന്‍ ഗോളിലൂടെ സൂപ്പര്‍ താരം ഡീഗോ മൗറീഷ്യോ ഒഡിഷയ്ക്ക് വേണ്ടി ഗോള്‍ നേടി. ഒരു തകര്‍പ്പന്‍ ലോങ് ഗ്രൗണ്ടര്‍ ഷോട്ടിലൂടെയാണ് മൗറീഷ്യോ ടീമിനെ മുന്നിലെത്തിച്ചത്. 23 മീറ്റര്‍ അകലെ നിന്നാണ് താരം ഷോട്ടുതിര്‍ത്തത്. താരം ഈ സീസണില്‍ നേടുന്ന മൂന്നാം ഗോളാണിത്.

ഗോള്‍ വഴങ്ങിയതോടെ നോര്‍ത്ത് ഈസ്റ്റ് കളം നിറഞ്ഞുകളിച്ചു. പക്ഷേ ഒഡിഷ പ്രതിരോധം നോര്‍ത്ത് ഈസ്റ്റ് മുന്‍നിരയെ നന്നായി തന്നെ നേരിട്ടു. 40-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗാലെഗോ ഒരു കിടിലന്‍ ഫ്രീകിക്ക് എടുത്തെങ്കിലും ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് അത് കൃത്യമായി തട്ടിയകറ്റി. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് മനോഹരമായ ഒരു ഗോളിലൂടെ ആദ്യ പകുതിയുടെ അധികസമയത്ത് സമനില പിടിച്ചു. നായകന്‍ ബെഞ്ചമിന്‍ ലാമ്പോട്ടാണ് ടീമിനായി സമനില ഗോള്‍ നേടിയത്. ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ലാമ്പോട്ട് ടീമിനായി സമനില ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ഒഡിഷയാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. 50-ാം മിനിട്ടില്‍ ഒഡിഷയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 56-ാം മിനിട്ടില്‍ ഒഡിഷയുടെ ഒണ്‍വുവിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും അത് താരം പുറത്തേക്ക് ഹെഡ്ഡ് ചെയ്ത് തുലച്ചു. രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞ് കളിച്ചു.

64-ാം മിനിട്ടില്‍ കെസി അപ്പിയയെ ബോക്സിനുള്ളില്‍ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് വീഴ്ത്തിയതിന്റെ ഫലമായി നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അപ്പിയ പന്ത് അനായാസേന വലയിലെത്തിച്ച് ടീമിന് ലീഡ് നല്‍കി (2-1).

എന്നാല്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആഹ്ലാദത്തിന് രണ്ടുമിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പ്രത്യാക്രമണം നടത്തി ബോക്സിലേക്ക് ഇരച്ചുകയറിയ ഒഡിഷയുടെ കോള്‍ അലക്സാണ്ടര്‍ ഒരു അത്ഭുത ഗോളിലൂടെ ടീമിന് സമനില ഗോള്‍ സമ്മാനിച്ചു. തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് മഴവില്ല് പോലെ വളഞ്ഞ് വലയെ ചുംബിച്ചു. ഇതോടെ കളി ആവേശക്കൊടുമുടിയിലായി.

മത്സരം സമനിലയിലായ ശേഷം ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും പിന്നീട് ഗോള്‍ നേടാന്‍ നോര്‍ത്ത് ഈസ്റ്റിനും ഒഡിഷയ്ക്കും സാധിച്ചില്ല.