
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് മുസ്ലിം ലീഗ്; കോഴിക്കോട് സൗത്തില്‍ ഫിറോസ് മല്‍സരിക്കും; കണ്ണൂരില്‍ രണ്ട് സീറ്റ് കൂടുതല്‍ ആവശ്യപ്പെടും
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ച് മുസ്ലിം ലീഗ്. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനും സ്ഥാനാര്‍ഥികളുടെ മണ്ഡലം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ചാനലര്‍ ചര്‍ച്ചകളിലൂടെ സുപരിചതനായ പി കെ ഫിറോസിന് കോഴിക്കോട് സൗത്തില്‍ നറുക്ക് വീഴുമെന്നാണ് സൂചന. മുന്‍ മന്ത്രി ഡോ: എം കെ മുനീറിനെ കൊടുവള്ളിയിലേക്കു മാറ്റാനാണ് ആലോചന. കഴിഞ്ഞ തവണ കാരാട്ട് റസാഖ് ജയിക്കുന്നത് വരെ ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ച സീറ്റാണ് കൊടുവള്ളി. മുനീറിനെ പോലൊരു സെലിബ്രിറ്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ കോട്ട തിരിച്ചു പിടിക്കല്‍ എളുപ്പമാവുമെന്നാണ് കണക്കുകൂട്ടല്‍.
അടുത്ത കാലത്ത് ഇടതു സര്‍ക്കാരിന് തലവേദനയായി മാറിയ പല വിഷയങ്ങളും പുറത്തെടുത്തിട്ട ഫിറോസിനുള്ള അംഗീകാരം കൂടിയാവും കോഴിക്കോട് രണ്ടാം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം. മുനീറിന് സംസ്ഥാനം മുഴുവന്‍ പ്രചാരണത്തിനിറങ്ങേണ്ടത് കൊണ്ട് സൗത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്നതാണ് അദ്ദേഹത്തെ സുരക്ഷിത സീറ്റിലേക്ക് മാറ്റുന്നതിന് ലീഗ് പറയുന്ന കാരണം.
തളിപ്പറമ്പും കൂത്തുപറമ്പും വേണം
അതേ സമയം, കണ്ണൂരില്‍ പുതുതായി രണ്ട് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗത്തില്‍ തീരുമാനം. നിലവില്‍ മത്സരിക്കുന്ന അഴീക്കോടിന് പുറമെ, തളിപ്പറമ്പ്, കൂത്തുപറമ്പ് സീറ്റുകളാവും ആവശ്യപ്പെടുക. കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി എന്നിവ മുന്നണി വിട്ട സാഹചര്യത്തിലാണീ തീരുമാനം. കണ്ണൂര്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ അഴീക്കോട് മാത്രമാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണകളിലായി ഈ സീറ്റ് നിലനിര്‍ത്തുകയുമാണ്. രണ്ട് പാര്‍ട്ടികള്‍ മുന്നണി വിട്ട സാഹചര്യത്തില്‍ ഏറെ സ്വാധീനമുള്ള തളിപ്പറമ്പും കൂത്തുപറമ്പും അനുവദിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാനാണ് യോഗ തീരുമാനം. സിറ്റിംഗ് സീറ്റായ അഴീക്കോട് ഇത്തവണ മത്സരിക്കാനില്ലെന്ന് കെ എം ഷാജി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അഴീക്കോടും, കണ്ണൂരുമായി വെച്ചു മാറണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നതായാണ് സൂചന.
ALSO WATCH