കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും; ഖത്തര്‍, സൗദി, യുഎഇ വിമാനക്കമ്പനികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു

karipur international airport

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉടനെ സര്‍വീസ് ആരംഭിക്കാന്‍ ധാരണ. ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന വിലയിരുത്തല്‍. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന യോഗത്തില്‍ എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വെയ്സ് പ്രതിനിധികള്‍ പങ്കെടുത്തു. വിമാനത്താവളത്തിലെ സുരക്ഷാ സൗകര്യം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഈ മാസം ഡിജിസിഎയ്ക്ക് സമര്‍പ്പിക്കും.

ലാന്റിങിനാവശ്യമായ സാങ്കേതിക കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ലാന്റിങിന് ആവശ്യമായ റണ്‍വേ നീളം അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീഡ്യര്‍ സമര്‍പ്പിക്കാന്‍ യോഗത്തില്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഗസ്ത് ഏഴിന് രാത്രിയുണ്ടായ വിമാന അപകടത്തെ തുടര്‍ന്നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയത്. സൗദി ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലേക്ക് ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന സര്‍വീസ് ഇല്ലാതായത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറിയ വിമാനമാണ് അപകടത്തില്‍പ്പെട്ടതെങ്കിലും വലിയ വിമാനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കരിപ്പൂരിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്.