
ബുറേവി നാളെ കേരളത്തിലെത്തും; പൊന്മുടിയില് നിന്ന് തൊഴിലാളികളെ മാറ്റുന്നു
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു. കര വ്യോമ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന് 310 കിലോമീറ്റര്‍ അകലെയെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 70 മുതല്‍ 80 വരെ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചില അവസരങ്ങളില്‍ ഇത് 90 കിലോമീറ്റര്‍വരെയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ ഉച്ചയോടെ ബുറേവി തീവ്രത കുറഞ്ഞ് കേരളത്തിലെത്തും.
കാറ്റിന്റെ പശ്ചാത്തലത്തില്‍ പൊന്മുടി ലയത്തിലെ 450 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ആനപ്പാറയിലേക്കാണ് മുന്‍കരുതല്‍ എന്ന നിലയില്‍ തൊഴിലാളികളെ മാറ്റുന്നത്. ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വര്‍ക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇത് പ്രകാരം നെയ്യാറ്റിന്‍കര താലൂക്കില്‍ വലിയ ആശങ്ക വേണ്ട.
തെക്കന്‍ കേരളത്തില്‍ ഇപ്പോഴുള്ള കാലാവസ്ഥ ഇന്ന് രാത്രിയോടെ മാറിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ മഴയും കാറ്റും ഉണ്ടാകും. കേരള തീരങ്ങളില്‍ ചുഴലിക്കാറ്റ് ജാഗ്രതയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി.