ബ്രിട്ടനില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

cat test covid positive

ലണ്ടന്‍: ഇംഗ്ലണ്ടില്‍ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ബ്രിട്ടനില്‍ ആദ്യമായാണ് ഒരു മൃഗത്തിന് വൈറസ് ബാധയേല്‍ക്കുന്നത്. പൂച്ചയ്ക്ക് അതിന്റെ ഉടമകളായ ദമ്പതികളില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പൂച്ചയും അതിന്റെ ഉടമകളും ഇപ്പോള്‍ കോവിഡില്‍ നിന്ന് പൂര്‍ണമായും മുക്തമായിട്ടുണ്ട്. വീട്ടിലെ മറ്റു മൃഗങ്ങളിലേക്കോ ആളുകളിലേക്കോ വൈറസ് പടര്‍ന്നിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. വളര്‍ത്തു പൂച്ചയ്ക്ക് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണെങ്കിലും ആശങ്കപ്പെടാനില്ലെന്ന് പബ്ലിക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ യുവോണ്‍ ഡോയല്‍ പറഞ്ഞു.

മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം പടരുമെന്നും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിന് തെളിവില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് വ്യക്തമായതെന്നും ഡോയല്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച്ചയാണ് ലാബ് ടെസ്റ്റില്‍ വൈറസ് സ്ഥിരീകരിച്ചത്. പൂച്ചയില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുമെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൊറോണ വൈറസ് പകരാന്‍ ഏറ്റവും സാധ്യതയുള്ള മൃഗം പൂച്ചയാണെന്ന് ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിരുന്നു. മറ്റൂ പൂച്ചകളിലേക്ക് പടര്‍ത്താനും ഇവയ്ക്ക് കഴിയുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Cat tests positive for coronavirus in England