
10 വയസ്സുകാരനെ കൊലപ്പെടുത്തി പള്ളിക്ക് മുകളിലൊളിപ്പിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്തു വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ പിടിയില്‍. കജൂരി ഖാസ് പ്രദേശത്തുള്ള പള്ളിയില്‍ 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്ത സംഭവത്തിലാണ് 12, 17 വയസ്സായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് ചെരിപ്പ് കട നടത്തുന്ന കുട്ടിയുടെ പിതാവില്‍നിന്ന് പണം തട്ടാമെന്ന പ്രതീക്ഷയിലാണ് പത്തു വയസ്സുകാരനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. 10 ദിവസം മുമ്പ് കുട്ടിക്ക് ഉറക്കുഗുളിക കലര്‍ത്തിയ വെള്ളം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ലെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യ പറഞ്ഞു. അതിന് ശേഷമാണ് കുട്ടിയെ പള്ളിക്കു മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്തില്‍ കയറിട്ട് കുരുക്കി കൊന്നത്.
കുട്ടി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പിതാവിനെ അറിയിച്ച ഉടന്‍ പണം ലഭിക്കുമെന്നും അങ്ങനെ നാടുവിടാമെന്നുമാണ് പ്രതികളായ കുട്ടികള്‍ പദ്ധതിയിട്ടിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 6.30ന് പള്ളിയില്‍ പോകുമ്പോള്‍ കുട്ടിയെ സമീപിച്ച് പണം നല്കി സമീപത്തെ സ്റ്റാളില്‍നിന്ന് മോമോസ് വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പള്ളിയുടെ ഒന്നാം നിലയില്‍ കയറി ഒരുമിച്ച് കഴിച്ചു. ഇതിനുശേഷം പള്ളിയുടെ ടെറസില്‍ കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം പള്ളിയുടെ രണ്ടാം നിലയില്‍ കൊണ്ടുവന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടില്‍ വെച്ച് സിമന്റ് ചാക്കുകൊണ്ട് മൂടി.
മകനെ കാണാനില്ലെന്ന് പിതാവ് പോലീസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തു. കുട്ടി പള്ളിയിലേക്ക് പോകുന്നതായാണ് അവസാനം കണ്ടതെന്ന സൂചനയെ തുടര്‍ന്നാണ് പള്ളി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പള്ളിയില്‍ വന്ന ആളുകളെ മുഴുവന്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ അവസാനമായി 12ഉം 17ഉം വയസ്സുള്ള മറ്റു രണ്ടു കുട്ടികളോടൊപ്പം കണ്ടതായി വ്യക്തമായത്. തുടര്‍ന്ന് ഈ കുട്ടികളെ വെവ്വേറെ ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്.