News Flash
X
ഡൽഹി കലാപത്തിന് 17,000 പേജുള്ള പുതിയ കുറ്റപത്രം;15 പ്രതികൾ

ഡൽഹി കലാപത്തിന് 17,000 പേജുള്ള പുതിയ കുറ്റപത്രം;15 പ്രതികൾ

personsumeera access_timeThursday September 17, 2020
HIGHLIGHTS
ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന വർഗീയകലാപവുമായി ബന്ധപ്പെട്ട കേസിൽ 17,000 പേജുള്ള വിപുലമായ കുറ്റപ്പത്രം കിഴക്കൻ ഡൽഹിയിലെ കർക്കാർഡൂമ കോടതിയിൽ സമർപ്പിച്ചു.

ന്യൂഡൽഹി: ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന വർഗീയകലാപവുമായി ബന്ധപ്പെട്ട കേസിൽ 17,000 പേജുള്ള വിപുലമായ കുറ്റപ്പത്രം കിഴക്കൻ ഡൽഹിയിലെ കർക്കാർഡൂമ കോടതിയിൽ സമർപ്പിച്ചു. മുൻ ആം ആദ്മി പാർട്ടി കൗൺസിലർ അടക്കം 15 സിഎഎ വിരുദ്ധസമരക്കാർക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് പുതിയ കുറ്റപത്രം. വംശഹത്യയിൽ നിരവധി പേർ കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

17,000 പേജുള്ള കുറ്റപത്രത്തിൽ 2,692 പേജിലും ആയിരക്കണക്കിന് പ്രതികൾക്കെതിരേയുള്ള വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ഭീകരവിരുദ്ധ നിയമവിരുദ്ധ പ്രതിരോധ പ്രവർത്തന നിയമം അനുസരിച്ചാണ് പ്രതികൾക്കെതിരേ കേസ് ഫയൽ ചെയ്തിരിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 25 വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ആക്രമണത്തിന് ഗൂഡാലോചന നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. ആക്രമണത്തിന് വേണ്ടി മാത്രം രൂപീകരിച്ചതാണ് ഈ ഗ്രൂപ്പുകൾ എന്നും പോലീസ് പറയുന്നു.

വംശഹത്യയുമായി ബന്ധപ്പെട്ട് ഫബ്രുവരി 24നുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പോലീസ് കോടതിയിൽ ഹാജരാക്കി. കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിൽ നിന്നും ഡൽഹി സർക്കാറിൽ നിന്നും അനുമതി ലഭിച്ചതായും പോലീസ് അറിയിച്ചു. അതേസമയം, കുറ്റപത്രത്തിൽ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. അടുത്തിടെ അറസ്റ്റിലായതിനാൽ ഇവരുടെ പേരുകൾ അനുബന്ധ കുറ്റപത്രത്തിലുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം, ഇതുവരെ പേര് വെളിപ്പെടുത്താത്ത പ്രതികൾക്കെതിരേ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന. ഡൽഹി വംശഹത്യയിൽ പങ്കെടുത്തവർ ഗൂഡാലോചനക്കാരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കോടതിയിൽ പറഞ്ഞു.

സീലംപൂരിലും ജഫ്രബാദിലും അരങ്ങേറിയ വംശഹത്യക്ക് ഗൂഡാലോചന നടത്തിയത് രണ്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗൂഡാലോചനക്കാർ ആക്രമണത്തിന് ആസൂത്രണം ചെയ്തപ്പോൾ നേതാക്കൾ വഴി അണികൾ അത് പ്രാവർത്തികമാക്കുയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രാജ്യത്തെ പിടിച്ചു കുലുക്കിയ വർഗീയ കലാപത്തിൽ നിരവധി വീടുകളും വാഹനങ്ങളും മതസ്ഥാപനങ്ങളും അഗ്നിക്കിരയാവുകയും തകർക്കപ്പെടുകയും ചെയ്തു. ബിജെപി നേതാവ് കപിൽ മിശ്രയുടെ വിവാദ പ്രസംഗത്തിന് ശേഷമാണ് വംശീയ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്.

SHARE :
folder_openTags
content_copyCategory