News Flash
X
ആലുവയില്‍ മരിച്ച കുട്ടിയുടെ വന്‍കുടലിനകത്ത് രണ്ട് നാണയങ്ങള്‍

ആലുവയില്‍ മരിച്ച കുട്ടിയുടെ വന്‍കുടലിനകത്ത് രണ്ട് നാണയങ്ങള്‍

personmtp rafeek access_timeMonday August 3, 2020
HIGHLIGHTS
ആലുവയില്‍ മരിച്ച മൂന്ന് വയസുകാരന്‍ രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

കൊച്ചി: ആലുവയില്‍ മരിച്ച മൂന്ന് വയസുകാരന്‍ രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. വന്‍ കുടലിന്റെ ഭാഗത്തായിരുന്നു നാണയങ്ങള്‍ ഉണ്ടായിരുന്നത്. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മൃതദേഹം സ്വദേശമായ കൊല്ലം പരവൂരിലേക്ക് കൊണ്ടുപോയി.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ് ഇന്നലെ മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയത്തില്‍ ഏറെ നിര്‍ണായകമാണ് ഇന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടം. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. എന്നാല്‍ നാണയം വിഴുങ്ങിയതാകില്ല മരണ കാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ തിരിച്ചയച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മറ്റു അസുഖങ്ങള്‍ മൂലമാണ് മരണമെങ്കില്‍ അത് എന്ത്‌കൊണ്ട് ആശുപത്രി റിപോര്‍ട്ടില്‍ ഇല്ലെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.


 

SHARE :
folder_openTags
content_copyCategory