
കെ എം ഷാജി എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ഇഡി കണ്ണൂരിലെത്തി തെളിവുകള്‍ ശേഖരിച്ചു; വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും
കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവും അഴീക്കോട് എം.എല്‍.എയുമായ കെ എം ഷാജിക്കെതിരേ കുരുക്ക് മുറുക്കി ഇഡിയും വിജിലന്‍സും. വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇ.ഡി കണ്ണൂരിലെത്തി തെളിവുകള്‍ ശേഖരിച്ചു. കോഴിക്കോട് സബ് സോണല്‍ സംഘമാണ് കണ്ണുരിലെത്തിയത്. വിജിലന്‍സ് സംഘം ഈ ആഴ്ച തന്നെ ഷാജിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
അഴീക്കോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്റെ റി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതില്‍ ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് സംഘം അഴിക്കോട് എത്തി തെളിവെടുത്തത്. സ്കൂളിലെത്തി രേഖകള്‍ പരിശോധിച്ച സംഘം, ആവശ്യപ്പെട്ടാല്‍ കോഴിക്കോട് എത്തി വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിച്ചു. മാനേജ്മെന്റ് പ്രതിനിധികളില്‍ നിന്നും സംഘം വിവരങ്ങള്‍ ആരാഞ്ഞു. ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനത്തേയും കോഴയേയും കുറിച്ച് അന്വേഷണം നടത്തുന്ന ഇ.ഡി, രണ്ടു തവണ ഷാജിയേയും ഭാര്യയേയും ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍ മണലില്‍ ഷാജി നിര്‍മ്മിച്ച വീടിന്റെ വിശദാംശങ്ങള്‍ ഇ.ഡി നേരത്തെ ശേഖരിച്ചിരുന്നു. ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറി മുഖേന, എഞ്ചിനിയറിംഗ് വിഭാഗമാണ് വീട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. 2300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന് 27 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷാജി വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചുവെന്ന ഹരജിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ കോഴിക്കോട് കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ അനുമതിക്കായി വിജിലന്‍സ് കത്ത് നല്‍കിയത്. ഷാജി അനധികൃതമായി സമ്പാദിച്ച തുകയുപയോഗിച്ച് 1.62 കോടിയുടെ വീണു പണിതുവെന്നും വിദേശത്തു നിന്നു പണം സ്വരൂപിച്ചുവെന്നും ബിനാമി പേരില്‍ സ്വത്തുക്കളും വാഹനങ്ങളും വാങ്ങിയെന്നും കാണിച്ചാണ് എം ആര് ഹരീഷ് എന്നയാള്‍ കോടതിയെ സമീപിച്ചത്. നേരത്തെ കണ്ണുരിലെ സിപിഎം നേതാവ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ ഷാജിയെ ചോദ്യം ചെയ്തിരുന്നില്ല. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരം അനുമതി ലഭിച്ച സാഹചര്യത്തില്‍ ഷാജിയെ ഉടന്‍ ചോദ്യം ചെയ്യുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
അനധികൃത സമ്പാദ്യം സംബന്ധിച്ച് ഷാജി നല്കിയ വിശദീകരണത്തില്‍ പൊരുത്തക്കേടുകള്‍ ഏറെയുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഷാജിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഇതിനാണ്. അഴീക്കോട്ടെ കോഴ വിഷയത്തില്‍ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളില്‍ നിന്നും ഇ.ഡി വിശദമായ മൊഴിയെടുക്കുമെന്നാണ് സൂചന.
ALSO Watch