
വനിത കളിക്കാര്‍ക്ക് പ്രസവാവധി പ്രഖ്യാപിച്ച് ഫിഫ
സൂറിച്ച്: വനിത ഫുട്ബാളര്‍മാരുടെ ക്ഷേമത്തിനായി ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിത കളിക്കാര്‍ക്ക് ചുരുങ്ങിയത് 14 ആഴ്ച പ്രസവാവധി നല്‍കാനുള്ള തീരുമാനത്തിന് ഫിഫ കൗണ്‍സില്‍ അംഗീകാരം നല്കി. പ്രസവത്തിന് ശേഷം ചുരുങ്ങിയത് എട്ടാഴ്ചയാകും അവധി.
‘കളിക്കാരാണ് കളിയിലെ താരങ്ങള്‍, അവരാണ് കളിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അവര്‍ക്ക് തിളങ്ങാന്‍ ഞങ്ങള്‍ വേദിയൊരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വനിതാ കളിക്കാരുടെ കാര്യം വരുമ്ബോള്‍ അവരുടെ കരിയറില്‍ കൂടുതല്‍ സ്ഥിരത കൊണ്ടുവരണം. ഉദാഹരണത്തിന്, അവര്‍ക്ക് പ്രസവാവധി എടുക്കേണ്ടതുണ്ടെങ്കില്‍, അവര്‍ വിഷമിക്കേണ്ടതില്ല’ -ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ ട്വിറ്റര്‍ വിഡിയോയിലൂടെ വ്യക്തമാക്കി. അവധി കഴിഞ്ഞെത്തുന്ന കളിക്കാരെ വീണ്ടും മത്സരങ്ങള്‍ക്ക് സജ്ജമാക്കാന്‍ ആവശ്യമായ പിന്തുണ ക്ലബ് നല്‍കണമെന്ന് നിര്‍ദേശം നല്കി.