തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനല്ലെന്ന് ജില്ലാ കമ്മിറ്റി. ബിജെപി കൗണ്‍സിലര്‍ രമേശിന്റെ സ്റ്റാഫ് അംഗമായ സന്ദീപ് ബിജെപി പ്രവര്‍ത്തകനാണെന്നും സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് ഇയാളുടെ അമ്മ അവകാശപ്പെട്ടിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സന്ദീപ് നായര്‍ സിപിഐ(എം) പ്രവര്‍ത്തകനാണെന്ന തെറ്റിദ്ധരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ഇയാള്‍ ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനാണ്. ബിജെപിയുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ്കെപി രമേശിന്റെ സ്റ്റാഫാണ് സന്ദീപ്. ഇയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നില്കുന്ന ചിത്രമാണ്.
എസ്കെപി രമേശ് അടക്കമുള്ള ബിജെപി നേതാക്കന്മാര്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ സന്ദീപിനെ സിപിഎമ്മുകാരനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സന്ദീപിന്റെ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു. സ്പീക്കര്‍ വര്‍ക്ഷോപ് ഉദ്ഘാടനം ചെയ്ത സമയത്തും സന്ദീപ് സ്വര്‍ണക്കടത്തില്‍ പ്രതിയായിരുന്നു.
അതേസമയം, സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ പ്രതികരിച്ചു. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്ന് സൗമ്യ കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ അറിയിച്ചു.