X
ഇന്ത്യയില്‍ കോവിഡ് അണ്‍ലോക്ക് 3.0; രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് തുടരും; സ്‌കൂളുകള്‍ തുറക്കില്ല

ഇന്ത്യയില്‍ കോവിഡ് അണ്‍ലോക്ക് 3.0; രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് തുടരും; സ്‌കൂളുകള്‍ തുറക്കില്ല

personmtp rafeek access_timeWednesday July 29, 2020
HIGHLIGHTS
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് അയവുവരുത്തുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക് 3.0 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് അയവുവരുത്തുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക് 3.0 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പ്രവാസികള്‍ കാത്തിരുന്ന ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്ന പ്രഖ്യാപനം ഇത്തവണയും ഇല്ല. രാജ്യാന്തര വിമാന സര്‍വീസിനുള്ള വിലക്ക് തുടരും. വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തൂ എന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. സാഹചര്യങ്ങള്‍ പരിഗണിച്ച് മറ്റു വിമാന സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അറിയിപ്പിലുണ്ട്.

അതേ സമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസവും തുറക്കില്ല എന്നതാണ് മാര്‍ഗരേഖയിലെ പ്രധാന തീരുമാനം. സിനിമാ തിയറ്ററുകളും അടുത്ത മാസം 31 വരെ തുറക്കില്ല. ജിംനേഷ്യങ്ങളും യോഗാ പഠന കേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതല്‍ തുറക്കാം. ആഗസ്ത് ഒന്നിന് നിലവില്‍ വരുന്ന അണ്‍ലോക് 3.0ലെ തീരുമാനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമല്ല.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പ്രധാന നിര്‍ദേശങ്ങള്‍:

-രാത്രികാല യാത്രാനിരോധനം നീക്കി.

-യോഗാ പഠന കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിയവ ഓഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാം. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും.

-സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷത്തിന് അനുമതി. ഇക്കാര്യത്തില്‍ ജൂലൈ 21ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാക്കും.

-സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ ആഗസ്ത് 31 വരെ അടഞ്ഞുതന്നെ കിടക്കും.

-മെട്രോ റെയില്‍, സിനിമാ തിയറ്റര്‍, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, സമ്മേളന ഹാളുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം തുടരും.

-ആളുകള്‍ വന്‍തോതില്‍ കൂടുന്ന സമ്മേളനങ്ങള്‍ക്കുള്ള നിലവിലെ നിയന്ത്രണം തുടരും.

-കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ ആഗസ്ത് 31 വരെ കര്‍ശനമായി തുടരും.

SHARE :
folder_openTags
content_copyCategory