
ഇന്ത്യയിലെ ലോക്ക്ഡൗണില്‍ പുതിയ ഇളവുകളില്ല; അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ തുടരും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അണ്‍ലോക്ക് 5.0 നവംബര്‍ 30 വരെ തുടരാന്‍ തീരുമാനം. കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നത്.
രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് 78 ശതമാനം രോഗികള്‍ ഉള്ളത്. നിലവിലെ രോഗികളില്‍ 15 ശതമാനം കേരളത്തിലാണുള്ളത്. കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഉത്സവ സീസണുകളില്‍ രോഗ വ്യാപനം കൂടി. ഈ സംസ്ഥാനങ്ങളില്‍ സാഹചര്യം ആശങ്കജനകമാണ്. ഇവിടങ്ങളില്‍ കോവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധനയില്‍ വീണ്ടും ഇടിവുണ്ടായതായി രാവിലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,46,429 ആയി. ഇന്നലെ 488 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,19,502 പേര് ഇത് വരെ രോഗം ബാധിച്ച് മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇന്നലെ 63,842 പേര് കൂടി രോഗമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി.