News Flash
X
മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീനില്‍ കഴിയവേ ബാങ്കിലെത്തി ലോക്കര്‍ തുറന്നു; ദുരൂഹ നടപടി സ്വപ്‌നമയുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കേ

മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീനില്‍ കഴിയവേ ബാങ്കിലെത്തി ലോക്കര്‍ തുറന്നു; ദുരൂഹ നടപടി സ്വപ്‌നമയുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കേ

personmtp rafeek access_timeMonday September 14, 2020
HIGHLIGHTS
മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റീന്‍ ലംഘിച്ച് ബാങ്ക് ലോക്കര്‍ തുറക്കാനെത്തിയത് ദുരൂഹത സൃഷ്ടിക്കുന്നു.

കോഴിക്കോട്: മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റീന്‍ ലംഘിച്ച് ബാങ്ക് ലോക്കര്‍ തുറക്കാനെത്തിയത് ദുരൂഹത സൃഷ്ടിക്കുന്നു. കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി അടിയന്തര ലോക്കര്‍ ഇടപാട് നടത്തിയ കാര്യം കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മകന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത്.

ഇതേ ശാഖയില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയതിനു ശേഷം ക്വാറന്റീനില്‍ കഴിയവേ ഈ മാസം 10ന് ഉച്ചയോടെയാണ് ഇവര്‍ ബാങ്കിലെത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണം. ബാങ്കില്‍ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേര്‍ ക്വാറന്റീനില്‍ പോകേണ്ടിവരികയും ചെയ്തു.

വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കര്‍ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവന്‍ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന് ബാങ്ക് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ക്വാറന്റീന്‍ ലംഘിച്ച് ഇന്ദിര വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവിയിലുണ്ട്. ലോക്കര്‍ റജിസ്റ്ററില്‍ ഒപ്പുവച്ചിട്ടുമുണ്ട്. ലോക്കറില്‍ നിന്ന് എന്താണ് എടുക്കുന്നതെന്നു ബാങ്കില്‍ വെളിപ്പെടുത്തേണ്ടതില്ല.

പൊലീസ് കേസെടുക്കാവുന്ന കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തി അടിയന്തരമായി ലോക്കര്‍ തുറക്കേണ്ടി വന്ന സാഹചര്യം സംബന്ധിച്ചാണ് സംശയം ഉയരുന്നത്. ബാങ്കിലെ 4 ലോക്കറുകളുടെ താക്കോല്‍ ഏറെക്കാലമായി കാണാതായതു സംബന്ധിച്ചും ദുരൂഹതയുണ്ട്.

SHARE :
folder_openTags
content_copyCategory