തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏഴ് പ്രവാസികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര് എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 14 പേര് പുറത്തുനിന്നുവന്നവരാണ്. ഇവരില്‍ 7 പേരാണ് വിദേശത്തു നിന്നു വന്നവര്‍. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങില്‍ നിന്നു വന്നവരാണ് മറ്റുള്ളവര്‍. 11 പേര്‍ക്ക് സംമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരില്‍ രണ്ടുപേര്‍ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാള്‍ കണ്ണൂരില്നിന്നുള്ളയാളാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
കാസര്‍കോട് രോഗം സ്ഥിരീകരിച്ച 2 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. വയനാട്ടില്‍ ഒരു പോലിസുകാരനും രോഗം സ്ഥിരീകരിച്ചു. 36,910 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36,266 പേര് വീടുകളിലും 568 പേര് ആശുപത്രിയിലുമാണുള്ളത്. കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേര്‍ക്കാണ്. ഇതില്‍ 64 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്.
കൊറോണ വൈറസ് എച്ച്ഐവി പോലെ സ്ഥിരമായി നിലനിന്നേക്കുമെന്ന ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ ജീവിതശൈലി മാറ്റണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസ്കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ചുവേണം കാര്യങ്ങള്‍ നടത്തേണ്ടത്. റസ്റ്ററന്റുകള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.