തിരുവനന്തപുരം: വന്ദേഭാരത് വിമാനങ്ങള്‍ക്കു പുറമെ 532 ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കൂടി കേരളം അനുമതി നല്‍കിയെന്ന് മന്ത്രി കെ ടി ജലീല്‍. ചാര്‍ട്ടര്‍ വിമാനങ്ങളില്‍ 90,929 ആളുകളാണ് വൈകാതെ നാട്ടിലെത്തുക. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഇതിനകം ഉദ്ദേശം 45,000 വിദേശ മലയാളികളടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കേരളീയരുള്‍പ്പടെ 2,10,424 പേരാണ് ജൂണ്‍ 9 വരെ സംസ്ഥാനത്തെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
വിശ്വാസ യോഗ്യരായ എല്ലാ ഏജന്‍സികള്‍ക്കും വിമാന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം ലഭിക്കുന്ന മുറക്ക് എന്‍ഒസി നല്കാന് തന്നെയാണ് കേരളത്തിന്റെ തീരുമാനം. നാല്‍പ്പത്തിരണ്ടോളം സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
ചാര്‍ട്ടര്‍ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക്, വന്ദേഭാരത് വിമാന ടിക്കറ്റിന്റെ നിരക്കിനെക്കാള്‍ വല്ലാതെ വര്‍ധനവ് ഉണ്ടാവരുതെന്ന സംസ്ഥാന നിര്‍ദ്ദേശം പാലിക്കാന്‍ പൊതുവെ എല്ലാവരും തയ്യാറായത് സാധാരണക്കാരായ പ്രവാസികള്‍ക്ക് നല്കിയ ആശ്വാസം ചെറുതല്ല. ഏതാണ്ട് പതിനായിരം രൂപയുടെ കുറവാണ് ഇതോടെ വിമാനക്കൂലിയിനത്തില്‍ വന്നത്. പ്രവാസികളുടെ നാട്ടിലെത്താനുള്ള വെമ്പല്‍ ചൂഷണം ചെയ്ത് ലാഭക്കൊയ്ത്ത് നടത്താനുള്ള സേവനക്കച്ചവടക്കാരുടെ അതിസാമര്‍ത്ഥ്യമാണ് കേരളത്തിന്റെ അവസരോചിത ഇടപെടല്‍ പൊളിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടു.
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് ഇപ്പോഴെങ്കിലും പ്രവാസി സുഹൃത്തുക്കള്‍ക്ക് ബോധ്യമായിട്ടുണ്ടാകും. നാട്ടിലെത്തിയ ഒരാളുടെ കയ്യില്‍ നിന്നും ഒരു ചില്ലിപ്പൈസ പോലും സര്‍ക്കാര്‍ ഒരുക്കിയ ക്വാരന്റീന് ഈ നിമിഷം വരെ ഈടാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
kerala give permission to 532 charter flight