News Flash
X
കോവിഡ് രോഗിക്കു തപാല്‍ വോട്ട് ചെയ്യാന്‍ മന്ത്രിസഭയുടെ അംഗീകാരം; തിരഞ്ഞെടുപ്പ് സമയം ദീര്‍ഘിപ്പിക്കും

കോവിഡ് രോഗിക്കു തപാല്‍ വോട്ട് ചെയ്യാന്‍ മന്ത്രിസഭയുടെ അംഗീകാരം; തിരഞ്ഞെടുപ്പ് സമയം ദീര്‍ഘിപ്പിക്കും

personmtp rafeek access_timeWednesday September 16, 2020
HIGHLIGHTS
തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും. ഇതിനുള്ള ഓര്‍ഡിനന്‍സിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും.

കോവിഡ് പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. കിടപ്പു രോഗികള്‍ക്കും കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. ഇതിനായി പഞ്ചായത്ത്, മുനിസിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്താനാണു തീരുമാനം.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള വോട്ടെടുപ്പില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെയാക്കും. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആലോചന. തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിലും മാറ്റങ്ങളുണ്ടാകും.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തപാല്‍, പ്രോക്‌സി വോട്ടുകളുടെ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. പ്രോക്‌സി വോട്ടിനെ എല്‍ഡിഎഫ് അനുകൂലിക്കുന്നില്ല. അതു ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുമെന്നാണ് മുന്നണിയുടെ അഭിപ്രായം. യുഡിഎഫ് തപാല്‍ വോട്ടിനെയും എതിര്‍ക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് ഇക്കാര്യം അറിയിക്കും.

SHARE :
folder_openTags
content_copyCategory