News Flash
X
വാപ്പയുടെ ആഗ്രഹം പൂര്‍ത്തിയാക്കി മക്കള്‍; ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി ഗിന്നസ് ബുക്കിലേക്ക്

വാപ്പയുടെ ആഗ്രഹം പൂര്‍ത്തിയാക്കി മക്കള്‍; ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി ഗിന്നസ് ബുക്കിലേക്ക്

personmtp rafeek access_timeWednesday September 16, 2020
HIGHLIGHTS
തയ്യല്‍ക്കാരനായ വാപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ നാലുമക്കള്‍ കൈകോര്‍ത്തപ്പോള്‍ പിറന്നത് 3100 മീറ്റര്‍ നീളം വരുന്ന ഖുര്‍ആന്‍.

കൊച്ചി: തയ്യല്‍ക്കാരനായ വാപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ നാലുമക്കള്‍ കൈകോര്‍ത്തപ്പോള്‍ പിറന്നത് 3100 മീറ്റര്‍ നീളം വരുന്ന ഖുര്‍ആന്‍. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പരിശോധനക്കായി കാത്തിരിക്കുകയാണ്.

കായംകുളം ഷാ ടെയ്‌ലേഴ്‌സ് ഉടമ എം കെ നൗഷാദിന്റ ആഗ്രഹപ്രകാരമാണ് മക്കളായ എറണാകുളം പള്ളുരുത്തി തര്‍ബിയ മസ്ജിദില്‍ ഉസ്താദായ കാദര്‍ഷാ, കായംകുളം കിറ്റ് സ്‌കൂള്‍ അധ്യാപകന്‍ ഷാഫി, ഖുര്‍ആന്‍ മനപാഠമാക്കിയ അബ്ബാസ്, ഷഫീഖ് എന്നിവര്‍ അപൂര്‍വ ദൗത്യം ഏറ്റെടുത്തത്.

ഷര്‍ട്ട്, ജുബ്ബ പോലെയുള്ള വസ്ത്രങ്ങളില്‍ കോളര്‍ തയ്ക്കുന്ന കോളര്‍ ക്യാന്‍വാസ് കൊണ്ടാണ് ഖുര്‍ആന്‍ നിര്‍മിച്ചത്. 20 മീറ്റര്‍ നീളം വരുന്ന കോളര്‍ ക്യാന്‍വാസില്‍ പെര്‍മനന്റ് മാര്‍ക്കര്‍ കൊണ്ട് ഒറ്റവരിയായി ഖുര്‍ആന്‍ ആയത്തുകള്‍ മനോഹരമായി എഴുതി തയ്യാറാക്കുകയായിരുന്നു.

ആകെ 155 റോള്‍ കോളര്‍ കാന്‍വാസ് ഇതിന് വേണ്ടി ചിലവായി. ഓരോ റോളും തമ്മില്‍ തുന്നിതയ്ച്ചാണ് ഖുര്‍ആന്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയത്. അങ്ങനെ 3100 മീറ്റര്‍ (3.1 കി.മീ.) നീളം വന്നു. ഒന്നര ഇഞ്ച് വീതി വരുന്നതാണ് കാന്‍വാസ്.

longest quran in the world

ലോക്ഡൗണ്‍ നാളുകളിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ജൂണ്‍ എട്ടിന് തുടങ്ങി. ജൂലൈ 26ന് അവസാനിച്ചു. 111 മണിക്കൂര്‍ ആണ് ഇത് പൂര്‍ത്തിയാക്കാന്‍ ആകെ എടുത്തത്.

പത്തടി നീളമുള്ള ഷര്‍ട്ട്, 20454 ബട്ടന്‍ കൊണ്ട് ദേശീയ പതാക 198 രാഷ്ട്രങ്ങളുടെ പതാക തുടങ്ങിയവ നിര്‍മിച്ച് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട് നൗഷാദ്. 2004ല്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം എറണാകുളത്ത് വന്നപ്പോള്‍ നൗഷാദിനെ വിളിച്ചു വരുത്തി അനുമോദിച്ചിരുന്നു.

പത്ത് മാര്‍ക്കര്‍ വാങ്ങിയാണ് എഴുതിയത്. 40 ബോട്ടില്‍ ഇങ്കും പിന്നീട് വാങ്ങി. ഖുര്‍ആന്‍ മുഴുമിച്ചപ്പോള്‍ ഏകദേശം 20000 രൂപ ചിലവ് വന്നുവെന്നും മക്കളില്‍ ഒരാളായ കാദര്‍ഷ പറയുന്നു.

സജീവ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരായ മക്കള്‍ ഇത് വാപ്പയ്ക്ക് നല്‍കുന്ന അപൂര്‍വ സമ്മാനമായി കരുതുന്നു. ഖുര്‍ആന്റെ ഈ കൈയെഴുത്ത് പ്രതി പ്രത്യേക പെട്ടിയില്‍ 15 അധ്യായങ്ങള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായി സൂക്ഷിച്ചിരിക്കുകയാണ് വീട്ടില്‍.


 

SHARE :
folder_openTags
content_copyCategory