News Flash
X
ബാബരി മസ്ജിദിന്റെ മിനാരത്തിലെ ആദ്യ കല്ലിളക്കിയ ബല്‍ബീര്‍ സിങ് ഇന്ന് ആമിര്‍; ഇതിനകം നിര്‍മിച്ചത് നാല്‍പ്പതിലേറെ പള്ളികള്‍

ബാബരി മസ്ജിദിന്റെ മിനാരത്തിലെ ആദ്യ കല്ലിളക്കിയ ബല്‍ബീര്‍ സിങ് ഇന്ന് ആമിര്‍; ഇതിനകം നിര്‍മിച്ചത് നാല്‍പ്പതിലേറെ പള്ളികള്‍

personmtp rafeek access_timeWednesday September 30, 2020
HIGHLIGHTS
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഇരച്ചെത്തിയ കര്‍സേവകരുടെ മുന്‍നിരയിലുണ്ടായിരുന്ന ബല്‍ബീര്‍ സിങ് ഇന്ന് ആമിറാണ്.

പാനിപ്പത്ത്: 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഇരച്ചെത്തിയ കര്‍സേവകരുടെ മുന്‍നിരയിലുണ്ടായിരുന്ന ബല്‍ബീര്‍ സിങ് ഇന്ന് ആമിറാണ്. മനംമാറിയ ആമിര്‍ ഇത്രയും കാലത്തിനകം നിര്‍മിച്ച് നല്‍കിയത് നാല്‍പ്പതിലേറെ പള്ളികള്‍.

പാനിപ്പത്തിലെ ഒരു ഗ്രാമത്തിലായിരുന്നു ബല്‍ബീര്‍ സിങിന്റെ ജനനം. ഗാന്ധിയനും അധ്യാപകനുമായ ദൗലത്ത് റാമായിരുന്നു പിതാവ്. പിന്നീട്് ബാലാ സാഹേബ് താക്കറെയില്‍ ആകൃഷ്ടനാവുകയും ശിവസേനയില്‍ ചേരുകയുമായിരുന്നു. തുടര്‍ന്ന് ആര്‍എസ്എസിന്റെ ആദര്‍ശങ്ങളോട് കൂറുതോന്നിയ ബല്‍ബീര്‍ ശാഖയിലെ നിത്യ സന്ദര്‍ശകനായി.

1992 ഡിസംബര്‍ ഒന്നിന് രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പം ബല്‍ബീര്‍ അയോധ്യയിലെത്തി. ഡിസംബര്‍ ആറിന് മസ്ജിദിലേക്കും.

ഉമാഭാരതിയാണ് നേതൃത്വം നല്‍കിയത്
‘അയോധ്യയിലേക്ക് പുറപ്പെടുമ്പോഴേ എന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞത് ഒന്നും നേടാതെ തിരിച്ചുവരരുതെന്നായിരുന്നു. ഡിസംബര്‍ അഞ്ചിന് അയോധ്യയിലാകെ ഒരു മുരള്‍ച്ചയായിരുന്നു. അയോധ്യയും ഫൈസാബാദും വിഎച്ച്പി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പമായിരുന്നു ഞങ്ങള്‍. സിന്ധികളുടെ ദൈവമായിരുന്ന ജുലേലിനെയാണ് അദ്വാനി ആരാധിച്ചിരുന്നത് എന്നതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹം അത്ര പ്രധാനപ്പെട്ടയാളായിരുന്നില്ല. അദ്ദേഹത്തെ ഹിന്ദുവായിപ്പോലും പരിഗണിച്ചിരുന്നില്ല. ഉമാഭാരതിയായിരുന്നു ശരിക്കും ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഞാന്‍ എന്റെ അടുത്ത സുഹൃത്ത് യോഗേന്ദ്ര പാലിനൊപ്പമായിരുന്നു. ഞങ്ങള്‍ക്കൊട്ടും ക്ഷമയുണ്ടായിരുന്നില്ല. അത് സംഭവിക്കണമെന്ന് ഞങ്ങള്‍ അക്ഷമരായി കാത്തിരുന്നു’-ആമിര്‍ പറഞ്ഞു.

താനായിരുന്നു ബാബറി മസ്ജിദിന്റെ താഴികക്കുടത്തില്‍ ആദ്യ പ്രഹരമേല്‍പ്പിച്ചതെന്ന് ബല്‍ബീര്‍ വെളിപ്പെടുത്തി

‘ഞങ്ങളെ തടയാന്‍ നിരവധി പട്ടാളക്കാര്‍ ഉണ്ടാവും എന്നതിലെ ഭീതി ഉണ്ടായിരുന്നു. പക്ഷേ, അത്രയും സുരക്ഷകള്‍ക്കിടയിലും പള്ളി പൊളിക്കാനുള്ള ഞങ്ങളുടെ ത്വര വര്‍ധിക്കുകയാണുണ്ടായത്. മാനസികമായി ഒരായിരം തവണ ഞങ്ങളതിന് തയ്യാറെടുത്തുകഴിഞ്ഞിരുന്നു’- ആമിര്‍ പറഞ്ഞു.

‘ആ ദിവസം ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു. ഞങ്ങളെ ലക്ഷ്യമിട്ട് ഒരു ഹെലികോപ്ടര്‍ താഴ്ന്ന് പറക്കുന്നത് കണ്ട എന്റെയുള്ളില്‍ പേടിയും നിഴലിക്കാന്‍ തുടങ്ങി. എന്റെ പുറകിലുള്ളവര്‍ വലിയ ശബ്ദത്തോടെ ആര്‍ത്തലക്കുന്നത് എന്റെ ചെവികളില്‍ മുഴങ്ങിക്കേട്ടു. ഞാന്‍ മഴു ഉറപ്പിച്ച് പിടിച്ച് പള്ളിക്ക് മുകളിലേക്ക് പാഞ്ഞ് മിനാരത്തിന് മുകളില്‍ സ്ഥാനമുറപ്പിച്ചു. താഴെ ശബ്ദം ഉയര്‍ന്നു വന്നതോടെ താഴികക്കുടത്തില്‍ ആഞ്ഞുകുത്തി’

തള്ളിപ്പറഞ്ഞ് വീട്ടുകാര്‍

‘സ്വദേശമായ പാനിപ്പത്തില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്കൊരു ഹീറോ പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. അയോധ്യയില്‍ നിന്ന് കൊണ്ടു വന്ന രണ്ട് ഇഷ്ടികകള്‍ പാനിപ്പത്തിലെ ശിവസേനാ ഓഫീസില്‍ സൂക്ഷിച്ചു. പക്ഷേ, വീട്ടില്‍ സ്ഥിതി മറ്റൊന്നായിരുന്നു. വീട്ടുകാരുടെ പ്രതികരണം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മതേതര പാരമ്പര്യമുള്ള എന്റെ കുടുംബം എന്നെ ആക്ഷേപിക്കുകയും എന്റെ പ്രവൃത്തിയെ തള്ളിപ്പറയുകയും ചെയ്തു. ഞാന്‍ കര്‍സേവകര്‍ക്കൊപ്പം ചേര്‍ന്നത് പൂര്‍ണ ബോധ്യത്തോടുകൂടിത്തന്നെയായിരുന്നു. പക്ഷേ, പിന്നീട് ഞാന്‍ വലിയ തെറ്റായിരുന്നെന്ന് എനിക്ക് മനസിലായി.

‘ഞങ്ങളിലൊരാളേ ഇനി ആ വീട്ടില്‍ ഉണ്ടാവൂ എന്ന് അച്ഛന്‍ ഉറപ്പിച്ച് പറഞ്ഞു. വീട് വിട്ടിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ ഭാര്യയെ നോക്കി. അവള്‍ എന്നോടൊപ്പം നില്‍ക്കാന്‍ തയ്യാറായില്ല. അതോടെ ഞാന്‍ ഒറ്റയ്ക്ക് അവിടെനിന്നിറങ്ങി’- രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെട്ടെന്ന വാര്‍ത്തയാണ് താന്‍ പിന്നീട് കേട്ടതെന്നും ആമിര്‍ പറഞ്ഞു.

പിന്നീട് അച്ഛന്‍ മരിച്ചു എന്നറിഞ്ഞതിന് ശേഷമാണ് താന്‍ വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും ആമിര്‍ ഓര്‍ക്കുന്നു. പക്ഷേ, ആമിറിനെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. തന്റെ ശവസംസ്‌കാരത്തിന് ആമിറിനെ പങ്കെടുപ്പിക്കരുതെന്ന് പിതാവ് കുടുംബാംഗങ്ങളോട് ഉറപ്പിച്ച് പറഞ്ഞിരുന്നു.

ആമിറിനെ ഞെട്ടിത്തരിപ്പിച്ചത് മറ്റൊന്നായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ ആമിറിനൊപ്പമുണ്ടായിരുന്ന ആത്മാര്‍ത്ഥ സുഹൃത്ത് യോഗേന്ദ്ര പാല്‍ ഇസ്ലാം മതം സ്വീകരിച്ചു. യോഗേന്ദ്ര പാലിനോടുള്ള സംസാരിത്തിലൂടെയാണ് താന്‍ ചെയ്ത പാതകത്തിന്റെ ആഴം മനസിലായതെന്നും ആമിര്‍ പറയുന്നു.

‘ഞാന്‍ നിയമം കയ്യിലെടുക്കുകയും ഇന്ത്യന്‍ ഭരണഘടനയെ ലംഘിക്കുകയും ചെയ്തെന്ന് എനിക്ക് പതിയെപ്പതിയെ ബോധ്യപ്പെട്ടു. കനത്ത കുറ്റബോധമുണ്ടായി. അങ്ങിനെയാണ് ഞാന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചത്.’

 

‘ ഒരു മത പുരോഹിതന് അടുത്തെത്തിയാണ് ഞാന്‍ മതം മാറിയതും കുറ്റം ഏറ്റുപറഞ്ഞതും. ‘എന്നെ ഇസ്ലാം മതത്തിലേക്ക് സ്വീകരിക്കുമോ എന്നകാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്റെ അപേക്ഷ സ്വീകരിച്ചു. ഒരു പള്ളി തകര്‍ത്തതിന് പരിഹാരമായി നിരവധി പള്ളി നിര്‍മിക്കാന്‍ സഹായിക്കാമല്ലോ എന്നദ്ദേഹം പറഞ്ഞു. അത് വളരെ നിസാരമായ വാക്കുകളായിരുന്നു. ഞാനവിടെയിരുന്ന് ഉറക്കെ കരഞ്ഞു’- മദ്രസയില്‍ കുറച്ച് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് ഇസ്ലാം മതം സ്വീകരിച്ചത്. പിന്നെ മുഹമ്മദ് ആമിര്‍ എന്ന പേരും സ്വീകരിച്ചു.

പിന്നീട് ആമിര്‍ വീട്ടിലെത്തി. ഭാര്യ അദ്ദേഹത്തെ പിന്തുണച്ച് ഇസ്ലാം മതം സ്വീകരിച്ചു. ഭാര്യയുടെ മരണ ശേഷം ആമിര്‍ ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു. പിന്നീട് സ്‌കൂളുകളില്‍ ഇസ്ലാം അധ്യാപകനായും പ്രവര്‍ത്തിച്ചു. നിയമം നല്‍കുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

1993 നും 2017നും ഇടയില്‍ നാല്‍പതോളം പള്ളികളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞെന്ന് ആമിര്‍ പറയുന്നു.

Man involved in Babri Masjid demolition now builds mosques to wash away guilt

SHARE :
folder_openTags
content_copyCategory