X
ബാബരി മസ്ജിദിന് പകരം ലഭിച്ച ഭൂമിയില്‍ മസ്ജിദ് നിര്‍മിക്കാന്‍ ട്രസ്റ്റിന് രൂപം നല്‍കി

ബാബരി മസ്ജിദിന് പകരം ലഭിച്ച ഭൂമിയില്‍ മസ്ജിദ് നിര്‍മിക്കാന്‍ ട്രസ്റ്റിന് രൂപം നല്‍കി

personmtp rafeek access_timeThursday July 30, 2020
HIGHLIGHTS
അയോധ്യയില്‍ ബാബരി മസ്ജിദിന് പകരമായി ലഭിച്ച സ്ഥലത്ത് പള്ളി നിര്‍മാണത്തിന് യുപി സുന്നി വഖഫ് ബോര്‍ഡ് ട്രസ്റ്റിന് രൂപം നല്‍കി.

ലഖ്നോ: അയോധ്യയില്‍ ബാബരി മസ്ജിദിന് പകരമായി ലഭിച്ച സ്ഥലത്ത് പള്ളി നിര്‍മാണത്തിന് യുപി സുന്നി വഖഫ് ബോര്‍ഡ് ട്രസ്റ്റിന് രൂപം നല്‍കി. ഇന്തോ ഇസ്ലാമിക് ഫൗണ്ടേഷന്‍ എന്ന പേരിലുള്ള ട്രസ്റ്റ് രൂപീകരിച്ച വിവരം വഖഫ് ബോര്‍ഡ് പ്രസിഡന്റ് സഫര്‍ അഹമ്മദ് ഫാറൂഖിയാണ് അറിയിച്ചത്. അയോധ്യയിലെ ധാനിപൂര്‍ ഗ്രാമത്തിലാണ് പള്ളി നിര്‍മിക്കുക.

വഖഫ് ബോര്‍ഡ് പ്രസിഡന്റ് തന്നെയാവും ട്രസ്റ്റിനേയും നയിക്കുക. ട്രസ്റ്റില്‍ 15 അംഗങ്ങളാവും ഉണ്ടാവുക. ഇതില്‍ ഒമ്പത് അംഗങ്ങളെ പ്രഖ്യാപിച്ചു. സഫര്‍ അഹമ്മദ് ഫാറുഖി(പ്രസിഡന്റ്), അദ്നാന്‍ ഫാറൂഖ് ഷാ(വൈസ് പ്രസിഡന്റ്), അത്തര്‍ ഹുസൈന്‍ ലഖ്നൗ(ട്രഷറര്‍), മുഹമ്മദ് ജുനൈദ് സിദ്ധീഖി, ലഖ്നൗ, ഷെയ്ക്ക് സൗദുസ്സമാന്‍, മുഹമ്മദ് റാഷിദ്, ഇംറാന്‍ അഹമ്മദ് എന്നിവരേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മത രംഗത്തോ സാമൂഹിക രംഗത്തോ ആര്‍ക്കും അറിയാത്തവരാണ് ട്രസ്റ്റ് അംഗങ്ങള്‍.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതി വിധിപ്രകാരം ലഭിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് തയാറായത്. അയോധ്യയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ധാനിപൂര്‍ ഗ്രാമം. ഇവിടത്തെ ജനസംഖ്യയില്‍ 60 ശതമാനവും മുസ്ലിംകളാണ്.

അതേ സമയം, ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ശ്രീരാമ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഒരുക്കങ്ങളുമായി ഹിന്ദുത്വര്‍ മുന്നോട്ടു പോവുകയാണ്. ആഗസ്റ്റ് അഞ്ചിന്് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

SHARE :
folder_openTags
content_copyCategory