X
നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല; കര്‍ഷകരുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു; സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം തള്ളി

നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല; കര്‍ഷകരുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു; സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം തള്ളി

personmtp rafeek access_timeThursday December 3, 2020
HIGHLIGHTS
കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച കര്‍ഷക സംഘടന നേതാക്കളുടെ രണ്ടാം ഘട്ട ചര്‍ച്ചയും പരാജയം.

ന്യൂഡല്‍ഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച കര്‍ഷക സംഘടന നേതാക്കളുടെ രണ്ടാം ഘട്ട ചര്‍ച്ചയും പരാജയം. താങ്ങു വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയാവമെന്ന കേന്ദ്ര നിലപാട് തള്ളി വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം നേതാക്കള്‍ യോഗത്തില്‍ ആവര്‍ത്തിച്ചു. കര്‍ഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പദ്മവിഭൂഷന്‍ തിരികെ നല്‍കുമെന്ന് അറിയിച്ചു. മറ്റന്നാള്‍ വീണ്ടും ചര്‍ച്ച നടത്തും. ചര്‍ച്ച തുറന്ന മനസോടെയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രതികരിച്ചു.

കര്‍ഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളുമായുള്ള ചര്‍ച്ചയാണ് വിജ്ഞാന്‍ ഭവനില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തില്‍ നടന്നത്. താങ്ങു വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രേഖമൂലം ഉറപ്പ് നല്‍കുമെന്ന കേന്ദ്ര നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. വിവാദ നിയമങ്ങള്‍ പിന്‍വലിച്ച് താങ്ങു വില ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവരണെമെന്ന ഉറച്ച നിലപാട് നേതാക്കള്‍ ആവര്‍ത്തിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം ഇന്നും വ്യക്തമാക്കിയത്.

ചര്‍ച്ചക്കിടെ സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം സമരക്കാര്‍ നിരസിച്ചു. പകരം ഗുരുദ്വാരകളില്‍ നിന്നുള്ള ഭക്ഷണമാണ് യോഗത്തിനെത്തിയവര്‍ കഴിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അടിയന്തിരമായി കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഇത് സാമ്പത്തിക സുരക്ഷായുടെ പ്രശ്‌നമാണെന്നും അറിയിച്ചു.

അതേസമയം പദ്മ വിഭൂഷന്‍ പുരസ്‌കാരം തിരിച്ചു നല്‍കാനുള്ള ശിരോമണി അകാലി ദല്‍ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദലിന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി.

SHARE :
folder_openTags
content_copyCategory