കാസര്‍കോട്: കാസര്‍കോഡ് ജില്ലയിലെ ബദിയഡുക്കയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. പ്രസവിച്ച ഉടന്‍ കഴുത്തില്‍ ഇയര്‍ഫോണിന്റെ കേബിള്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പ്രതി ഷാഹിന പോലിസിന് മൊഴി നല്കി. മൂത്തകുട്ടി ജനിച്ചു മാസങ്ങള്‍ക്കകം അടുത്തകുട്ടി ജനിച്ചതിന്റെ ജാള്യതയാകാം കൊലപാതക കാരണമെന്നാണ് പോലിസ് നല്കുന്ന സൂചന.
ചെടേക്കാലില്‍ സ്വദേശി ഷാഫിയുടെ രണ്ടാമത്തെ കുഞ്ഞിനെയാണ് അമ്മ ഷാഹിന ഇയര്‍ഫോണിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഡിസംബര്‍ 15ന് വൈകിട്ടാണ് സംഭവം. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഷാഹിനയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ബന്ധുക്കള്‍ വീട്ടിലും പരിസരത്തും പരിശോധന നടത്തി. അങ്ങനെയാണ് കുട്ടിയെ തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ ഭര്‍ത്താവില്‍നിന്നും ബന്ധുക്കളില്‍നിന്നും ഗര്‍ഭിണിയായതും പ്രസവിച്ചതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഷാഹിന മറച്ചുവച്ചിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായെങ്കിലും കുടുംബപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ഷാഹിനയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ALSO WATCH