കര്‍ഷക സമര നേതാവിന് എന്‍ഐഎ നോട്ടീസ്; സമരം അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം

baldev singh sirsa

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷക നേതാവിന് നോട്ടീസ് അയച്ച് എന്‍ഐഎ. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സക്കാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടനയ്ക്ക് എതിരായ കേസിലാണ് ഹാജരാകാന്‍ എന്‍ഐഎ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമരം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണിതെന്ന് സിര്‍സ പ്രതികരിച്ചു.

കര്‍ഷക സമരത്തിന് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് കര്‍ഷക യൂണിയനിലെ അംഗത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കര്‍ഷകപ്രക്ഷോഭത്തിന്റെ അണിയറശില്‍പ്പികളില്‍ പ്രമുഖനാണ് എന്‍ഐഎയുടെ നോട്ടിസ് ലഭിച്ച ബല്‍ദേവ് സിങ് സിര്‍സ. കര്‍ഷകരെ പ്രതീനിധീകരിച്ച് സര്‍ക്കാരുമായുള്ള ചര്‍ച്ച നടത്തുന്ന സംഘത്തിലെ അംഗം കൂടിയാണ് സിര്‍സ. നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. കേന്ദ്രസര്‍ക്കാരിന് അട്ടിമറിയ്ക്കാന്‍ ഈ സംഘടനകള്‍ക്ക് അടക്കം വിദേശസഹായം എത്തിയെന്നും ഇതിന് സിര്‍സ സാക്ഷിയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. സമരത്തെ പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബല്‍തേജ് പന്നു, വ്യവസായി ഇന്ദ്രപാല്‍സിങ് ഉള്‍പ്പെടെ നാല് പേര്‍ക്കും എന്‍ഐഎ നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, സമരം അട്ടിമറിയ്ക്കാനുള്ള നീക്കമാണിതെന്ന് ബല്‍ദേവ് സിങ്ങ് സിര്‍സ പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അവശ്യവസ്തുനിയമത്തിലെ വ്യവസ്ഥകളില്‍ ഭേദഗതികള്‍ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കര്‍ഷകരെ കഴിഞ്ഞ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. ഇതിനോട് ചില കര്‍ഷകസംഘടനകള്‍ക്കും യോജിപ്പുണ്ട്. ഭേദഗതികള്‍ സ്വീകാര്യമായാല്‍ ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ സമവായമാകും. ശേഷിക്കുന്ന മറ്റ് രണ്ട് വിവാദ നിയമങ്ങളുടെയും താങ്ങുവിലയുടെയും കാര്യത്തിലാകും തുടര്‍ ചര്‍ച്ച.
ALSO WATCH