News Flash
X
മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

personsumeera access_timeThursday September 17, 2020
HIGHLIGHTS
എൻഐഎയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ജലീലിന്റെ രാജിക്കായി സർക്കാരിന് മേലുള്ള പ്രതിപക്ഷത്തിന്റെ സമ്മർദം ശക്തമാകുന്നു.

കൊച്ചി: മന്ത്രി കെ ടി ജലീലിനെ ദേശീയ അന്വേഷണ ഏജൻസി ഓഫീസിൽ ഇന്ന് രാവിലെ ആറ് മണി മുതൽ ചോദ്യം ചെയ്യാനാരംഭിച്ചു. എൻഐഎയും ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ജലീലിന്റെ രാജിക്കായി സർക്കാരിന് മേലുള്ള പ്രതിപക്ഷത്തിന്റെ സമ്മർദം ശക്തമാകുന്നു. കൊച്ചിയിലെ എൻഐഎ ഓഫീസിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രിയെ വിളിപ്പിച്ചത് എന്നാണ് അധികൃതർ പറയുന്നത്. മതഗ്രന്ഥത്തിന്റെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയെന്ന സംശയത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നത്.

ഒമ്പതു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥരെത്തി പ്രവർത്തനമാരംഭിക്കുന്ന ഓഫീസിൽ പുലർച്ചെ എത്തിയത് മാധ്യമങ്ങൾ അറിയാതിരിക്കാനാണെന്ന് പറയപ്പെടുന്നുണ്ട്. എങ്കിലും മാധ്യമപ്രവർത്തകരുടെ മുന്നിൽ പെടുകയായിരുന്നു. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ എത്തിയതെന്നും സൂചനയുണ്ട്.

കഴിഞ്ഞ തവണ ഇഡി ഓഫീസിലെത്തിയതും സ്വകാര്യവാഹനത്തിലായിരുന്നു. അന്ന് ചോദ്യംചെയ്യലിനു ശേഷവും ജലീൽ അക്കാര്യം മാധ്യമപ്രവർത്തകരോട് സമ്മതിച്ചിരുന്നില്ല.

ജലീലിനെ എൻഐഎ ചോദ്യംചെയ്യാൻ വിളിച്ചതായുള്ള വാർത്ത പുറത്തുവന്ന ഉടൻതന്നെ പ്രതിപക്ഷവും ബിജെപിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികൾ നൽകുന്ന സൂചന.

ഇനിയും കൂടുതൽ നാണം കെടാൻ നിൽക്കാതെ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എൻഐഎ ഓഫീസിൽ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടാകണം ജലീൽ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ രണ്ട് ഏജൻസികൾക്കും ജലീൽ നടത്തിയ കുറ്റകൃത്യങ്ങൾ ബോധ്യമായിട്ടുണ്ടെന്നും ഇതോടെ ജലീൽ സ്വർണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ആളുകൾ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, അന്വേഷണ ഏജൻസികൾ വിവരങ്ങൾ തേടുന്നു എന്നതിന്റെ പേരിൽ രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീൽ ഒരു കേസിലും പ്രതിയല്ലെന്നും അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതിയായി വരേണ്ട ആൾ കേന്ദ്ര മന്ത്രി വി മുരളീധരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജലീലിന്റെ രാജി എന്ന ആവശ്യം തള്ളി എൽഡിഎഫ് കൺവീനർ എ വിജയരാഘവനും രംഗത്തെത്തി. ഒരു തരത്തിലുമുള്ള നിയമലംഘനങ്ങൾ നടത്തിയിട്ടില്ലെന്ന് ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജൻസിയ്ക്കും അന്വേഷണം നടത്താം. അവർ ചോദിക്കുന്നതിൽ അറിയുന്ന കാര്യം പറയും. ഇക്കാര്യത്തിൽ ഒരു ആശങ്കയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE :
folder_openTags
content_copyCategory