News Flash
X
പെരിയ ഇരട്ടക്കൊലപാതക കേസ്: ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസ്: ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയിൽ

personsumeera access_timeSaturday September 12, 2020
HIGHLIGHTS
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തിരുവനന്തപുരം: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയിൽ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ ഇന്നലെ രാവിലെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.

പെരിയ ഇരട്ടക്കൊലപാതക കേസിൽ വിചാരണക്കോടതി തുടര്‍ നടപടി സ്വീകരിക്കുന്നത് അന്വേഷണം നടത്തി സിബിഐ ഫയല്‍ ചെയ്യുന്ന റിപ്പോര്‍ട്ടിനൊപ്പം ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കണം എന്നായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജ. സി ടി രവികുമാർ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഉത്തരവിനെതിരെ സീനിയര്‍ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമർപ്പിച്ചിരിക്കുന്നത്.

അതേസമയം, സര്‍ക്കാരിന്റെ അപ്പീലിനെതിരെ ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ തടസ്സ ഹരജി നല്‍കിയേക്കും. അപ്പീലിൽ ഇടക്കാല ഉത്തരവ് ഇറക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നായിരിക്കും ഇവർ ഉന്നയിക്കുന്ന പ്രധാന വാദം. കേസ് അടുത്തയാഴ്ച്ച കോടതിയുടെ പരിഗണനയ്ക്ക് എത്തുമെന്നാണ്‌ റിപ്പോർട്ടുകൾ. എന്നാൽ കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയ ചില പിഴവുകൾ പരിഹരിക്കപ്പെട്ടതിന് ശേഷമായിരിക്കും ഹരജിക്ക് നമ്പര്‍ ലഭിക്കുക.

പെരിയ ഇരട്ടക്കൊല സിബിഐ അന്വേഷിക്കുന്നതിനെ എതിർത്ത കേരള സർക്കാറിന്റെ നടപടി ഇതിനോടകം തന്നെ വ്യാപകമായ പ്രതിഷേധത്തിന് വഴി വെച്ചിരിന്നു. സിപിഎമ്മിന്റെ ഉന്നതർക്കെതിരെ കേസ് തിരിയാതിരിക്കാനാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നാണ് വിമർശകരുടെ പ്രധാന ആരോപണം. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ മനീന്ദര്‍ സിംഗ് ഹൈക്കോടതിയില്‍ ഹാജരായതുൾപ്പെടെ വിവാദത്തിന് വഴി വെച്ചിരുന്നു.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 14 പ്രതികളുള്ള കേസിൽ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാം പ്രതി.

SHARE :
folder_openTags
content_copyCategory