X
ഹത്രസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോകാന്‍ രാഹുലിനും പ്രിയങ്കയ്ക്കും അനുമതി

ഹത്രസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോകാന്‍ രാഹുലിനും പ്രിയങ്കയ്ക്കും അനുമതി

personmtp rafeek access_timeSaturday October 3, 2020
HIGHLIGHTS
യുപിയിലെ ഹത്രസില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോകാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി.

ന്യൂഡല്‍ഹി: യുപിയിലെ ഹത്രസില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോകാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎന്‍ഡി എക്‌സ്പ്രസ്‌വേയില്‍ യുപി പോലിസ് തടഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാന്‍ അനുവദിച്ചെന്നാണു ലഭ്യമായ വിവരം. മറ്റു മൂന്നു പേര്‍ക്കു കൂടി യാത്രാനുമതി ലഭിച്ചിട്ടുണ്ട്.

നിരവധി കോണ്‍ഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. ഇവരുടെ യാത്രാനുമതിയെപ്പറ്റി വ്യക്തതയില്ല. രാഹുലിന്റെ വഴി തടയാനുറച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡല്‍ഹി നോയിഡ പാത അടച്ചിരുന്നു. മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കനത്ത പോലിസ് സന്നാഹമാണു യുപി സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുല്‍, പ്രിയങ്ക ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ യുപി പോലിസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

യുപി സര്‍ക്കാരും പോലിസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

SHARE :
folder_openTags
content_copyCategory