ഏഴാംവട്ട ചര്‍ച്ചയും പരാജയം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വാശിപിടിച്ച് കേന്ദ്രം; സമരം ശക്തമാക്കും

farmers-protest-discussions

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എഴാംവട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ദുര്‍വാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. താങ്ങുവില ഉറപ്പാക്കാന്‍ നിയമം വേണമെന്ന ആവശ്യത്തിലും തീരുമാനമായില്ല. അതേസമയം, സമരം കൂടുതല്‍ ശക്തവും വിപുലവുമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

ജനുവരി എട്ടിന് വീണ്ടും ചര്‍ച്ച നടക്കും. കര്‍ഷകര്‍ മൗനവ്രതം ആരംഭിച്ചു. ഇത്രയും നാള്‍ ചര്‍ച്ച ചെയ്‌തെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റാത്തതിനെത്തുടര്‍ന്നാണ് കര്‍ഷക പ്രതിനിധികള്‍ യോഗത്തില്‍ മൗനം പാലിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കാമെന്നോ ഇല്ലെന്നോ മാത്രം പറഞ്ഞാല്‍ മതിയെന്ന നിലപാടിലായിരുന്നു സംഘടനാപ്രതിനിധികള്‍. വിവാദ കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ഏഴാം ഘട്ട ചര്‍ച്ചയാണ് നടന്നത്. നിയമം പിന്‍വലിക്കുന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളും തങ്ങളുടെ വാദഗതികള്‍ ഉന്നയിച്ചു. പുതിയ നിയമങ്ങള്‍ പ്രകാരം കര്‍ഷകര്‍ക്ക് അവരുടെ സ്ഥലങ്ങള്‍ നഷ്ടമാകില്ലെന്ന് വ്യാപാരി ബോര്‍ഡ് മേധാവി ഉറപ്പു നല്‍കി.