
അര്‍ണബിന് ലഭിച്ച ആനൂകൂല്യം സിദ്ദീഖ് കാപ്പന് എന്ത് കൊണ്ടില്ല? ഓരോ കേസിനും ഓരോ സാഹചര്യമെന്ന് സുപ്രിംകോടതി; ജാമ്യഹരജി വീണ്ടും മാറ്റി
ന്യൂഡല്‍ഹി: ഹാഥ്റസിലെ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹരജി സുപ്രിം കോടതി വീണ്ടും മാറ്റി. ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജിയാണ് തീരുമാനമെടുക്കാതെ മാറ്റിവച്ചത്.
സിദ്ദീഖ് കാപ്പനെതിരെയുള്ള യുപി പോലിസ് നടപടിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടിരുന്നു. അതിന് യുപി പോലിസിന് മറുപടി നല്കാന് സമയംനല്കിക്കൊണ്ടാണ് കേസ് ഒരാഴ്ചത്തേക്ക് കൂടി മാറ്റിയത്.
വാദത്തിനിടെ വിചാരണ കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്കിയ സുപ്രിംകോടതി വിധി കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഓരോ കേസിലും വ്യത്യസ്ത സാഹചര്യമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ മറുപടി.
ക്രിമിനല്‍ കേസിലെ ഒരു പ്രതിക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അസോസിയേഷന് കോടതിയെ സമീപിക്കാന്‍ സാധിക്കുമോ എന്ന് കേരള പത്രപ്രവര്‍ത്തക യൂനിയനോട് കോടതി ചോദിച്ചു. അസാധാരണ സാഹചര്യത്തില്‍ അതിന് സാധിക്കുമെന്ന് യൂണിയന്റെ അഭിഭാഷകന് കപില്‍ സിബല്‍ മറുപടി നല്കി. സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ കേസില്‍ കക്ഷി ചേര്‍ത്തു. അന്വേഷണത്തില്‍ കാപ്പനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് യുപി പോലിസ് അറിയിച്ചു. യു പി പോലിസിന്റെ ആരോപണങ്ങളാണ് ഞെട്ടിക്കുന്നതെന്ന് കപില്‍ സിബല്‍ തിരിച്ചടിച്ചു.