News Flash
X
ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ രണ്ടരവയസ്സുകാരന്‍ അമ്മയുടെ കൈയില്‍ നിന്ന് തിരയില്‍ പെട്ടു കാണാതായി

ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ രണ്ടരവയസ്സുകാരന്‍ അമ്മയുടെ കൈയില്‍ നിന്ന് തിരയില്‍ പെട്ടു കാണാതായി

personmtp rafeek access_timeWednesday September 16, 2020
HIGHLIGHTS
ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന് വഴുതിപ്പോയ രണ്ടരവയസ്സുകാരനെ തിരയില്‍ പെട്ട് കാണാതായി.

ആലപ്പുഴ: ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന് വഴുതിപ്പോയ രണ്ടരവയസ്സുകാരനെ തിരയില്‍ പെട്ട് കാണാതായി. തൃശൂര്‍ പൂതല്‍ചിറ പുതിയപറമ്പില്‍ ലക്ഷ്മണന്‍ -അനിത മോള്‍ ദമ്പതികളുടെ മകന്‍ ആദികൃഷ്ണയെയാണ് കാണാതായത്. അനിതമോളെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസ്സുള്ള മറ്റ് രണ്ട് കുട്ടികളെയും ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് 2.45നായിരുന്നു സംഭവം.

അനിത മോളും രണ്ട മക്കളും അനിതയുടെ സഹോദരന്റെ മകനുമായി തൃശൂരില്‍ വിവാഹത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിരാജങ്ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തില്‍ ഇവരുമായി ആലപ്പുഴ ബീച്ചില്‍ എത്തി. വിജയാപാര്‍ക്കിന് സമീപം എത്തിയ ഇവരെ പോലിസ് കടല്‍ തീരത്തേക്ക് പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഇഎസ്‌ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.

ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയം അനിതമോള്‍ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടല്‍ പ്രക്ഷുബ്ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെല്‍ഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റന്‍ തിരയില്‍ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചില്‍ കേട്ട് ബിനു എത്തി അനിതമോളെയും രണ്ട് കുട്ടികളെയും രക്ഷിച്ചു. എന്നാല്‍, അനിതമോളുടെ കൈയില്‍നിന്ന് ആദികൃഷ്ണ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞ് പോലിസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും കൂറ്റന്‍തിരമാലകള്‍ ഇരച്ചുകയറുന്നതിനാല്‍ കടലിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഫോണ്‍, കാറിന്റെ താക്കോല്‍ എന്നിവയും നഷ്ടമായി. വിലക്കുകള്‍ ലംഘിച്ച് ബീച്ചിലിറങ്ങി അപകടം സംഭവിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്സന്‍ ജലജ ചന്ദ്രന്‍ പോലിസിനോട് ആവശ്യപ്പെട്ടു.


 

SHARE :
folder_openTags
content_copyCategory