News Flash
X
യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമം; ആദ്യ കേസ് മുസ്ലിം വിദ്യാര്‍ഥിക്കെതിരേ

യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമം; ആദ്യ കേസ് മുസ്ലിം വിദ്യാര്‍ഥിക്കെതിരേ

personmtp rafeek access_timeSunday November 29, 2020
HIGHLIGHTS
പ്രണയിച്ച് മതംമാറ്റുന്നത് തടയാനെന്ന പേരില്‍ യുപിയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്ന നിയമപ്രകാരം ആദ്യ കേസ് മുസ്ലിം വിദ്യാര്‍ഥിക്കെതിരേ.

ലഖ്‌നോ: പ്രണയിച്ച് മതംമാറ്റുന്നത് തടയാനെന്ന പേരില്‍ യുപിയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്ന നിയമപ്രകാരം ആദ്യ കേസ് മുസ്ലിം വിദ്യാര്‍ഥിക്കെതിരേ. ബറേലി ജില്ലയിലെ യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ടിക്കാറാം എന്നയാളുടെ പരാതിയില്‍ 22 വയസ്സുകാരനായ കോളജ് വിദ്യാര്‍ഥി ഉവായിസ് അഹമ്മദിനെതിരെയാണു നടപടി.

20 വയസ്സുകാരിയായ ടിക്കാറാമിന്റെ മകളെ മതപരിവര്‍ത്തനത്തിനും വിവാഹത്തിനും അഹമ്മദ് നിര്‍ബന്ധിക്കുന്നുവെന്നാണു പരാതി. വിവാഹിതയായ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന യുവാവ് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഐപിസി 504, 506 വകുപ്പുകളും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.

സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അഹമ്മദ് പിന്നീട് വിവാഹം കഴിക്കാനായി മതപരിവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നു പിതാവിന്റെ പരാതിയില്‍ പറയുന്നു. അഹമ്മദ് ഒളിവിലാണ്. അഹമ്മദും പെണ്‍കുട്ടിയും പന്ത്രണ്ടാം ക്ലാസ് മുതല്‍ ഒരുമിച്ചാണു പഠിക്കുന്നതെന്നു സമീപവാസികള്‍ പറഞ്ഞു. സ്‌കൂള്‍ പഠനത്തിനു ശേഷം പെണ്‍കുട്ടി സമീപത്തുള്ള കോളജില്‍ ചേര്‍ന്നു. എന്നാല്‍ അഹമ്മദ് വീണ്ടും പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ശനിയാഴ്ചയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അനുമതി നല്‍കിയത്. കുറ്റക്കാരായി കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ തടവും പരമാവധി 50,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. നവംബര്‍ 24ന് ഉത്തര്‍പ്രദേശ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. ജാമ്യമില്ലാ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക.

SHARE :
folder_openTags
content_copyCategory