വൈറല്‍ വീഡിയോ കാണാം
കൊമോഡോ ഡ്രാഗണ്‍, കണ്ടാല്‍ ആരും ഭയന്നുപോകുന്ന ഭീമന്‍ പല്ലിവര്‍ഗം! ഈ ഭീമന്‍ പല്ലി ഒറ്റച്ചാട്ടത്തിന് മാനിനെ ഇടിച്ചിടുന്നതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിഴുങ്ങുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അല്‍പ്പം ഭയപ്പെടുത്തുന്ന വീഡിയോ ആണിത്. ഇന്‍സ്റ്റഗ്രാമില്‍ അനിമല്‍ പവേഴ്‌സ് എന്ന അക്കൗണ്ടില്‍നിന്ന് പങ്കുവച്ച വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്.
ഒറ്റച്ചാട്ടത്തിന് കൊമോഡോ ഡ്രാഗണ്‍ മാനിനെ വീഴിക്കുന്നതും അകത്താക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഭീമന്‍ പല്ലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു ശ്രമം പോലും നടത്താനാവാതെയാണ് മാന്‍ കീഴടങ്ങുന്നത്. മാനിന്റെ കഴുത്തില്‍ കടിച്ചുപിടിച്ച് തെല്ലിട വലിച്ചുകൊണ്ടുപോയതിനുശേഷമാണ് ഭീമന്‍ പല്ലി വിഴുങ്ങുന്നത്. തലയാണ് ആദ്യം അകത്താക്കുന്നത്. തുടര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മാനിനെ പൂര്‍ണമായും ഡ്രാഗണ്‍ വിഴുങ്ങുന്നു.
ഇന്തോനേഷ്യയിലെ കൊമോഡോ, റിന്‍കാ, ഫ്‌ളോഴ്‌സ് തുടങ്ങിയ ദ്വീപുകളിലാണ് പല്ലി വംശത്തില്‍പ്പെടുന്ന കൊമോഡോ ഡ്രാഗണുകളെ കാണുന്നത്. കൊമോഡോ ഡ്രാഗണുകളാണ് ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലിവര്‍ഗം. കൊമോഡോ ഡ്രാഗണുകള്‍ക്ക് രണ്ടു മുതല്‍ മൂന്നു മീറ്റര്‍ വരെ നീളവും എഴുപത് കിലോഗ്രാം വരെ തൂക്കവും ഉണ്ടാകാറുണ്ട്.
അമ്പതു കൊല്ലം വരെ കൊമോഡോ ഡ്രാഗണുകള്‍ക്ക് ആയുസുണ്ട്. കണ്ടാല്‍ കോഴികളെപ്പോലെ തോന്നുന്ന മെഗാപോഡ് പക്ഷികളുടെ കൂടുകളിലാണ് ഭീമന്‍ പല്ലി മുട്ടയിടുന്നത്. എട്ടുമാസത്തോളം അടയിരുന്നശേഷമാണ് മുട്ടകള്‍ വിരിയുന്നത്. കൊമോഡോ കുഞ്ഞുങ്ങളെ മുതിര്‍ന്നവതന്നെ ഭക്ഷണമാക്കാറുണ്ട്. ഈ സാഹചര്യങ്ങളില്‍ വലിയ മരങ്ങളിലും മറ്റും ഒളിച്ചാണ് കൊമോഡോ കുഞ്ഞുങ്ങള്‍ കഴിയുക.
1910ലാണ് ഈ ഉരഗവര്‍ഗം പടിഞ്ഞാറന്‍ ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെടുന്നത്. വംശനാശത്തിന്റെ വക്കിലെത്തിയ ഇവയെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിയമം മൂലം സംരക്ഷിക്കപ്പെട്ട ജീവിവര്‍ഗമാണ് കൊമോഡോ ഡ്രാഗണുകള്‍. ഇവയുടെ സംരക്ഷണത്തിനായി കൊമോഡോ നാഷണല്‍ പാര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്. 1980ലാണ് പാര്‍ക്ക് സ്ഥാപിതമായത്. കൊമോഡോ ഡ്രാഗണുകളെ കൊമോഡോ മോണിറ്റര്‍ അല്ലെങ്കില്‍ കൊമോഡോ ഐലന്‍ഡ് മോണിറ്റര്‍ എന്നും വിളിക്കാറുണ്ട്. കൊമോഡോ ഡ്രാഗണുകളെ പ്രാദേശികമായി കര മുതല, ഭീമന്‍ രാക്ഷസന്‍ എന്നൊക്കെ അറിയപ്പെടുന്നു.