ഒമാനില്‍ കനത്ത മഴ; ആറ് പ്രവാസി തൊഴിലാളികള്‍ പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കനത്ത മഴയ്ക്ക് പിന്നാലെ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടങ്ങി ആറ് പ്രവാസി തൊഴിലാളികള്‍ മുങ്ങി മരിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് സംഭവം. പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പിഎസിഡിഎ അറിയിച്ചു. മരിച്ച തൊഴിലാളികളെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍, ഇവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്‌സില്‍ ഒരു വാട്ടര്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി സ്ഥലത്ത് ആറ് തൊഴിലാളികളെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഒമാനില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. 12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.