ചാലിയാര്‍ ദോഹ അഞ്ചാം വാര്‍ഷികവും മാഗസിന്‍ പ്രകാശനവും

ദോഹ: ചാലിയാര്‍ ദോഹയുടെ അഞ്ചാം വാര്‍ഷികാഘോഷവും മാഗസിന്‍ പ്രകാശനവും നവംബര്‍ 22ന് വുകൈറിലെ ഡിപിഎസ് മൊണാര്‍ക്ക് സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചാലിയാര്‍ പുഴയുടെ തീരദേശവാസികളായ ഖത്തര്‍ പ്രവാസികള്‍ രൂപം നല്‍കിയ പരിസ്ഥിതി കൂട്ടായ്മയാണ് ‘ചാലിയാര്‍ ദോഹ’. റഫറന്‍സ് മാതൃകയിലുള്ള മാഗസിനില്‍ ചാലിയാറിന്റെ ചരിത്രാന്വേഷണം മാത്രമല്ല, പ്രകൃതി സ്‌നേഹികളുടെയും പരിസ്ഥിതി പ്രമുഖരുടെയും ലേഖനങ്ങളും അഭിമുഖങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 22ന് ദോഹയില്‍ നടക്കുന്ന പൊതു പരിപാടിയിലാണ് പുഴയോരം എന്ന പേരിലുള്ള മാഗസിന്‍ പ്രകാശനം നടക്കുന്നത്. ഇന്ത്യന്‍ എംബസി തേഡ് സെക്രട്ടറി സോന സോമന്‍, ഖത്തരി കലാകാരന്‍ ഫറജ് ദഹാം, ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ തുടങ്ങിയ ഖത്തറിലെയും നാട്ടിലെയും സാമൂഹിക, സാംസ്‌കാരിക, പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥകളായെത്തും.
വൈകുന്നേരം 4മണിക്ക് കലാപരിപാടികള്‍ ആരംഭിക്കും. മിമിക്രി, മോണോ ആക്റ്റ്, ഒപ്പന, കോല്‍ക്കളി, മാര്‍ഗം കളി, തിരുവാതിര, നാടന്‍ പാട്ടുകള്‍, സ്‌കിറ്റ്, നൃത്ത നൃത്യങ്ങള്‍, ഗാനമേള തുടങ്ങി വിവിധ കലാപ്രകടനങ്ങള്‍ വേദിയില്‍ അരങ്ങേറും. ചാലിയാറിന്റെ തീരത്തുള്ള 24 പഞ്ചായത്തുകളില്‍പ്പെട്ടവര്‍ പരിപാടിയുടെ ഭാഗമാവും. മാഗസിന്‍ പ്രകാശനം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ വൈകീട്ട് 7ന് നടക്കും.

മാഗസിന്‍ തയ്യാറാക്കുന്നത് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ റോഷന്‍ അരീക്കോട്, ഹാമിദലി വാഴക്കാട്, അയൂബ്, എന്നിവരാണെന്ന് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ചാലിയാര്‍ ദോഹ പ്രസിഡന്റ് വി സി മഷ്ഹൂദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഫറോക്ക്, ട്രഷറര്‍ സിദ്ധീഖ് വാഴക്കാട്, വന ിതാ വിഭാഗം പ്രസിഡണ്ട് മുനീറ ബഷീര്‍, സമീല്‍ ചാലിയം, ലയിസ് കുനിയില്‍, സി ടി സിദ്ധീഖ് ചെറുവാടി, രഘുനാഥ് ഫറോക്ക്, വൃന്ദ കെ നായര്‍, ജാബിര്‍ ബേപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.