സൗദിയിലെ മുഴുവന്‍ പഴം പച്ചക്കറി മാര്‍ക്കറ്റുകളും സ്വദേശിവല്‍ക്കരിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലെയും പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നു. വിഷന്‍ 2030ന്റെ ഭാഗമായി ഈ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചില പ്രവിശ്യകളില്‍ മാത്രമാണ് പഴം പച്ചക്കറി മാര്‍ക്കറ്റുകളില്‍ സ്വദേശിവല്‍ക്കരണമുള്ളത്.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ പഴം പച്ചക്കറി മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നുണ്ട്. നേരത്തേ വിവിധ മേഖലകളില്‍ കൊണ്ടു വന്ന സ്വദേശിവല്‍ക്കരണം ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്കു മടങ്ങാന്‍ ഇടയാക്കിയിരുന്നു. കൂടുതല്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നത് പ്രവാസികളെ ഗുരുതരമായി ബാധിക്കും.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതല്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കാനും നീക്കമുണ്ട്. റെഡിമെയ്ഡ്സ്, പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റ് തുടങ്ങി 12 ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മൂന്നു ഘട്ടങ്ങളിലായി നേരത്തെ സ്വദേശിവല്‍ക്കരണം നടപ്പാക്കിയവയില്‍ പെട്ടതാണ്.