സർക്കാർ സ്കൂളുകളിൽ ഇത്തവണ 16,000 പുതിയ വിദ്യാർത്ഥികളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: സർക്കാർ സ്കൂളുകളിൽ ഇത്തവണ 16,000 പുതിയ വിദ്യാർത്ഥികളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം 136,000 ആയേക്കും. ഇത് ഈ അധ്യയന വര്‍ഷത്തെ അപേക്ഷിച്ച് 6,000 വിദ്യാര്‍ത്ഥികള്‍ കൂടുതലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ കാര്യ വകുപ്പിലെ വിദ്യാഭ്യാസ ഉപദേഷ്ടാവ് റാഷിദ് സാദ് അല്‍ മോഹന്‍നാദി ഖത്തര്‍ ടിവിയോട് പറഞ്ഞു.

2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ബിരുദം നേടും. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ മുന്‍കൂര്‍ രജിസ്‌ട്രേഷനായി രക്ഷിതാക്കള്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കേണ്ടതില്ല.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി https://eduservices.edu.gov.qa/ എന്ന ലിങ്കില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.