ദോഹ: ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷന്റെ 18ആം എഡിഷൻ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. ഖത്തറിന്റെ വാർഷിക ബിസിനസ് ഇവന്റുകളിലെ ഏറ്റവും ദൈർഘ്യമേറിയതായി പ്രതീക്ഷിക്കപ്പെടുന്ന ഇവന്റ് കൂടിയാണിത്.
ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ഇവന്റ് മെയ് 14 ശനിയാഴ്ച വരെ നീണ്ടുനിൽക്കും. അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ബ്രാൻഡുകളുടെയും ഡിസൈനർമാരുടെയും പ്രാദേശിക ഡിസൈനർമാരുടെയും ക്ലാസിക്, സമകാലിക ലക്ഷ്വറി ശേഖരങ്ങളുടെ വിപുലമായ പ്രദർശനം ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷൻ വാഗ്ദാനം ചെയ്യുന്നുവെന്ന് ഖത്തർ ടൂറിസം പറഞ്ഞു.
10 രാജ്യങ്ങളിൽ നിന്നുള്ള 500ലധികം ബ്രാൻഡുകൾ ഇതിൽ പങ്കെടുക്കും. ഈ വർഷത്തെ ഡിജെഡബ്ല്യുഇയുടെ പ്രൊമോഷണൽ കാമ്പെയ്നിന്റെ മുഖം ബോളിവുഡ് സൂപ്പർസ്റ്റാർ ആലിയ ഭട്ടാണ്. ലക്ഷ്വറി എക്സിബിഷനിൽ സന്ദർശകർക്ക് വിവിധ ബ്രാൻഡുകൾ നടത്തുന്ന വർക്ക്ഷോപ്പുകളും ഡിജെഡബ്ല്യുഇ ലോഞ്ചിൽ ആഭരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫിലിം പ്രദർശനങ്ങളും ആസ്വദിക്കാം.

ഔദ്യോഗിക വെബ്സൈറ്റായ www.djwe.qa വഴി രജിസ്ട്രേഷൻ നടത്തിയാൽ എക്സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇവൻറിന്റെ സമയക്രമം വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12 മണി മുതൽ രാത്രി 10 മണി വരെയും വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയുമാണ്.