ആറാമത് ഇന്റർ കേളി ഫുട്ബോൾ ഉമ്മുൽ ഹമാം ടീം ജേതാക്കൾ

റിയാദ് :  കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ചു നടന്ന ഇന്റർ കേളി  ഫുട്ബോൾ ടൂർണമെന്റിൽ ടീം ഉമ്മുൽ ഹമാം ജേതാക്കളായി. റിയാദിലെ അൽ ഇസ്‌കാൻ ഗ്രൗണ്ടിൽ, ഒൻപത് ടീമുകളുടെയും മാർച്ച് പാസ്റ്റോടെ തുടക്കം കുറിച്ച ടൂർണമെന്റിൽ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ  സല്യൂട്ട് സ്വീകരിക്കുകയും തുടർന്ന് കിക്കോഫ് നടത്തി ഉദ്ഘാടന കർമം നിർവ്വഹിക്കുകയും ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ആക്ടിങ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതമാശംസിച്ചു.

പ്രഥമ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളായ ബത്ത ബ്ലാസ്റ്റേഴ്‌സ്, ഫാൽക്കൺ അൽഖർജ്, അൽ അർക്കാൻ മലാസ് എന്നിവർ നേരിട്ടും ഗോൾ ശരാശരിയിൽ ടീം ഉമ്മുൽ ഹമാമും സെമിയിൽ പ്രവേശിച്ചു. ആദ്യ സെമിയിൽ ടീം ഉമ്മുൽ ഹമാം  ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബത്ത  ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നപ്പോൾ രണ്ടാം സെമി ഗോൾരഹിത സമനിലയിൽ  അവസാനിക്കുകയും പെനാൽട്ടി ഷൂടൗട്ടിലൂടെ  അൽ അർക്കാൻ മലാസിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫാൽക്കൺ അൽ ഖർജ് ഫൈനൽ ബർത്ത് ഉറപ്പിച്ചു.

ഫൈനൽ മൽസരത്തിൽ  എ ടു സെഡ് ദുബായ് മാർക്കറ്റ് മനേജർ നവാസ്‌, കേളി രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ, സ്‌പോട്‌സ് കമ്മറ്റി ആക്ടിങ് ചെയർമാൻ റിയാസ്‌ പള്ളാട്ട്, സ്പോട്സ് കമ്മറ്റി അംഗം സെയ്ദ്  എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. വാശിയേറിയ ഫൈനൽ മൽസരത്തിൽ രണ്ടാം പകുതിയിലെ നാലാം മിനുട്ടുൽ അഷ്ഫാഖ്  നേടിയ ഏകപക്ഷീയ ഒരു ഗോളിനാണ് ടീം ഉമ്മുൽ ഹമാം ജേതാക്കളായത്. ടൂർണമെന്റിലെ നല്ല ഗോൾകീപ്പറായി മൊയ്‌തു (ഫാൽക്കൺ അൽഖർജ്) നല്ല കളിക്കാരനായി റാഷിദ് (ഫാൽക്കൺ അൽഖർജ്) ടോപ്പ് സ്‌കോറർ ആയി ജിഷാദ് (ബത്ത ബ്ലാസ്റ്റേഴ്‌സ്) നല്ല ഡിഫന്റർ ആയി ജനീദ് (ബത്ത ബ്ലാസ്റ്റേഴ്‌സ്) ഫൈനലിലെ നല്ല കളിക്കാരനായി അഷ്ഫാഖ് (ടീം ഉമ്മുൽ ഹമാം) എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും ജനുവരി 7ന് നടക്കുന്ന കേളിദിന കലാപരിപാടികളുടെ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുന്നതായിരിക്കും.